വടകര: അഴിയൂര്‍ -തലശ്ശേരി മുഴപ്പിലങ്ങാട് ബൈപാസിന്റെ ഭാഗമായ മാഹി റെയില്‍വേ മേല്‍പാലം നിർമാണത്തിന് നടപടി തുടങ്ങി. ബൈപാസ് നിർമാണം അന്ത്യഘട്ടത്തിലെത്തിയെങ്കിലും റെയിൽവേ മേൽ പാലത്തിന്റെ പണി പൂർത്തീകരിക്കാത്തത് വിലങ്ങുതടിയായി മാറിയിരുന്നു. നിർമാണപ്രവൃത്തികൾ ആരംഭിക്കുന്നതിന്റെ മുന്നോടിയായി ഗർഡറുകൾ എത്തിത്തുടങ്ങി. 42 ഗർഡറുകളാണ് ആവശ്യമുള്ളത്. ചെന്നൈയിൽനിന്നാണ് ഗർഡറുകൾ കൊണ്ടുവരുന്നത്.
മേൽപാലം നിർമാണത്തിന്റെ ഭാഗമായി 52 തൂണുകളുടെയും ബീമുകളുടെയും നിർമാണം നേരത്തെ പൂർത്തിയായിരുന്നു. റെയിൽവേ മേൽപാലത്തിന് നാല് പതിറ്റാണ്ട് മുമ്പ് ഇവിടെ റെയിൽവേ ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കിയിരുന്നു.
നാലു വർഷം മുമ്പാണ് ബൈപാസ് നിർമാണത്തോടനുബന്ധിച്ച് പാലത്തിന്റെ അനുബന്ധ പ്രവൃത്തികൾക്ക് തുടക്കമായത്. എന്നാൽ, റെയിൽവേയുടെ അധീനതയിലുള്ള ഭാഗം പൂർത്തീകരിക്കുന്നത് അനന്തമായി നീണ്ടുപോകുകയായിരുന്നു. ബൈപാസ് നിർമാണത്തന്റെ ഭാഗമായി തലശ്ശേരി ബാലം പാലത്തിന്റെ 200 മീറ്ററോളവും ചില സർവിസ് റോഡുകളുടെയും പ്രവൃത്തിയാണ് ഇനി ബാക്കിയുള്ളത്. അഴിയൂർ മേൽപാലത്തിന്റെതടക്കം പ്രധാന പാതയുടെ നിർമാണം നേരത്തെ പൂർത്തിയായിരുന്നു.