കൊച്ചി : ആലുവയിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ അന്ത്യകർമങ്ങൾ നടത്താൻ പൂജാരികൾ വിസമ്മതിച്ചെന്ന പരാമർശത്തിൽ ചാലക്കുടി സ്വദേശി രേവത് ബാബുവിനെതിരെ പരാതി. ആലുവ സ്വദേശി അഡ്വ: ജിയാസ് ജമാലാണ് റൂറൽ എസ്പിക്കു പരാതി നൽകിയത്. മാധ്യമശ്രദ്ധ നേടാനുള്ള വ്യാജ ആരോപണമാണ് രേവത് ബാബു നടത്തിയതെന്നു പരാതിയിൽ പറയുന്നു.
പ്രസ്താവനയിലൂടെ മതസ്പർധ വളർത്താനും കലാപം ഉണ്ടാക്കാനും ശ്രമിച്ചു എന്നും പരാതിയിലുണ്ട്. ആരോപണം തെറ്റാണെന്ന് പിന്നീട് രേവത് പ്രതികരിച്ചു. തനിക്കു തെറ്റുപറ്റി എന്നും പൂജാരിമാരെ അടച്ചാക്ഷേപിച്ചതിൽ ക്ഷമ ചോദിക്കുകയാണെന്നും ഫെയ്സ്ബുക് ലൈവിലൂടെ രേവത് പറഞ്ഞു.
കുട്ടിയുടെ അന്ത്യകർമങ്ങൾ ചെയ്യാൻ പൂജാരിമാര്‍ വിസമ്മതിച്ചെന്നായിരുന്നു രേവത് ആരോപിച്ചത്. ഹിന്ദിക്കാരുടെ കുട്ടിയല്ലേ എന്ന് പൂജാരിമാർ ചോദിച്ചതായും അവരൊന്നും മനുഷ്യരല്ലെന്നും രേവത് പറഞ്ഞിരുന്നു. രേവതിനെതിരെ സമൂഹമാധ്യമങ്ങളിലും വിമർശനമുയർന്നിട്ടുണ്ട്.