തൃശൂരില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച ഫാമിലെ 150 പന്നികളെ കൊന്നൊടുക്കി സംസ്‍കരിച്ചു

news image
Aug 3, 2023, 8:47 am GMT+0000 payyolionline.in

തൃശൂർ: ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച പന്നിഫാമിലെ പന്നികളെ ശാസ്ത്രീയമായി കൊന്നൊടുക്കി സംസ്‌ക്കരിച്ചു. ചാലക്കുടി പരിയാരം പഞ്ചായത്തിലെ തൂമ്പാക്കോടുള്ള പനി സ്ഥിരീകരിച്ച പന്നി ഫാമിലെ 150 പന്നികളെയാണ് കൊന്നൊടുക്കിയത്. ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം ആരോഗ്യ പ്രോട്ടോകോള്‍ പാലിച്ച് 30 അംഗ സംഘമാണ് പന്നികളെ കൊന്ന് സംസ്‌കരിച്ചത്. പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ എം.എന്‍ ജോസിന്റെ ഉടമസ്ഥയിലുള്ളതാണ് തുമ്പാക്കോടുള്ള പന്നിഫാം. ഈ ഫാമിലെ 105 പന്നികള്‍ കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ പല തവണകളിലായി ചത്തൊടുങ്ങിയിരുന്നു.

പന്നികള്‍ ചത്തപ്പോള്‍ ആദ്യം സാധാരണ പനിയാണെന്ന് കരുതി ഫാമിലെ മറ്റുപന്നികള്‍ക്ക് വാക്‌സിനേഷനും നല്കി. എന്നാല്‍ രണ്ടാഴ്ച മുമ്പ് 35 പന്നികള്‍ കൂട്ടത്തോടെ ചത്തതോടെയാണ് ആഫ്രിക്കന്‍ പന്നിപ്പനിയാണോയെന്ന സംശയം ഉയര്‍ന്നത്. തുടര്‍ന്ന്  നടത്തിയ പരിശോധനയിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച ഫാമിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മറ്റ് ഫാമുകളെല്ലാം അടച്ചുപൂട്ടിയിട്ടുണ്ട്. ഈ ഫാമിന് പത്ത് കിലോമീറ്റര്‍ ചുറ്റളവ് രോഗനിരീക്ഷണ മേഖലയായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്. ഈ മേഖലയില്‍ നിന്നും പന്നികളേയും പന്നിമാംസവും വിതരണം ചെയ്യുന്നതും കടകളില്‍ പന്നിമാംസം വില്‍പന നടത്തുന്നതും നിരോധിച്ചിട്ടുണ്ട്. പന്നികള്‍, പന്നിമാംസം, തീറ്റ എന്നിവ ജില്ലയിലെ മറ്റുപ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും മറ്റ് പ്രദേശങ്ങളില്‍ നിന്നും രോഗബാധിത മേഖലയിലേക്ക് കൊണ്ടുവരുന്നതും വിലക്കിയിട്ടുണ്ട്.

പരിയാരം,കോടശ്ശേരി, മറ്റത്തൂര്‍, അതിരപ്പിള്ളി, കൊരട്ടി, മേലൂര്‍, കാടുകുറ്റി എന്നീ പഞ്ചായത്തുകളും ചാലക്കുടി മുനിസിപ്പാലിറ്റിയുമാണ് നിരീക്ഷണ മേഖലയില്‍ ഉള്‍പ്പെടുന്നത്. ചീഫ് വെറ്റിനറി ഓഫീസര്‍ അബ്ദുള്‍ ഹക്കിം, വെറ്റിനറി ഡോക്ടര്‍മാരായ ജന്‍ ജോസഫ്, പ്രകാശ്, സുനില്‍ എന്നിവരുടെ നേതൃത്വത്തിലാണ് നടപടികള്‍ നടന്നത്. കഴിഞ്ഞ മാസം കോടശ്ശേരി പഞ്ചായത്തിലെ മാച്ചിറയില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചിരുന്നു. കുറച്ച് നാളുകള്‍ക്ക് മുമ്പ് അതിരപ്പിള്ളിയിലെ പന്നി ഫാമില്‍ പനി സ്ഥിരീകരിച്ചിട്ടുണ്ട്. അടച്ചുപൂട്ടിയ പന്നി ഫാമുകള്‍ക്ക് ഇനി ആറ് മാസത്തിന് ശേഷമേ തുറന്ന് പ്രവര്‍ത്തിക്കാനാകൂ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe