കള്ളൻ കഥയറിഞ്ഞപ്പോൾ മാന സാന്തരം; അച്ഛന്റെയും അമ്മയുടെയും സമ്മാനമായ സൈക്കിള്‍ കൊയിലാണ്ടിയിലെ ആദിദേവിന് തിരികെ കിട്ടി

news image
Aug 5, 2023, 3:04 am GMT+0000 payyolionline.in

കൊയിലാണ്ടി:  കള്ളൻ മോഷ്ടിച്ച സൈക്കിളിൻ്റെ വില അറിഞ്ഞപ്പോൾ അവൻ്റെ മനസിന് മാനസാന്തരം. ആറാം ക്ലാസുകാരന് പരീക്ഷാവിജയത്തിൽ
സമ്മാനമായി കിട്ടിയതാണെ യാഥാർഥ്യം അവൻ്റെ മനസിനെ വിഷമിപ്പിച്ചിരിക്കാം. കള്ളനുമുണ്ടാകുമല്ലോ കുറ്റബോധം. അതു കൊണ്ടാവാം മോഷ്ടിച്ച സൈക്കിൾ ആരുമറിയാതെ അവൻ പന്തലായനി ഗവ.ഹൈസ്കൂളിന് സമീപം ഉപേക്ഷിച്ചത്. നാട്ടുകാരിലൊരാൾ സൈക്കിൾ സ്കൂളിനടുത്ത്
അനാഥമായി കിടക്കുന്നത് കണ്ടപ്പോൾ ഉടനെ പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. സ്റ്റേഷൻ ഇൻസ്പെക്ടർ എം.വി.ബിജു വിൻ്റെ നിർദ്ദേശപ്രകാരം എഎസ് ഐ കെ.എം.ഷജിൽ കുമാർ സൈക്കിൾ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു.

 


കൊയിലാണ്ടി റെയിൽവേ സ്റ്റേഷനു സമീപത്തെ സൗപർണികയിലെ ആറാം ക്ലാസ് വിദ്യാർഥിയായ ആദിദേവിൻ്റെ സൈക്കിൾ കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു വീട്ടുമുറ്റത്ത് നിന്നു മോഷണം പോയത്. ആദിദേവ് അമ്മ രംഷയേയും കൂട്ടി ബുധനാഴ്ച കാലത്ത് കൊയിലാണ്ടി സ്റ്റേഷനിൽ പരാതിയുമായി എത്തി. ആദിദേവിന് ഒരു വര്‍ഷം മുൻപ് പരീക്ഷയില്‍ മികച്ച വിജയം നേടിയപ്പോള്‍ അച്ഛനും അമ്മയും സമ്മാനമായി നല്‍കിയതാണ് സൈക്കിള്‍. നന്തി ശ്രീശൈലം സ്‌കൂളിലെ വിദ്യാര്‍ഥി യാണ് ആദിദേവ്.

അച്ഛന്റെയും അമ്മയുടെയും സമ്മാനമാണ്‌, ആ സൈക്കിള്‍ കണ്ടെത്തി തരണം കൊയിലാണ്ടി പൊലീസ് സ്‌റ്റേഷനിൽ തൊണ്ട ഇടറി ആദി ദേവ് സ്റ്റേഷൻ ഇൻസ്പെക്ടറോട് പറഞ്ഞിരുന്നു. കൊയിലാണ്ടി പൊലീസ് ഇൻസ്പെക്ടർ എം.വി. ബിജു ഇന്നലെ അദിദേവിന് സൈക്കിൾ തിരികെ
നൽകിയപ്പോൾ ആ ആറാക്ലാസുകാരൻ്റെ ആനന്ദത്തിന് അതിരില്ലായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe