തുവ്വൂർ ∙ മലപ്പുറം തുവ്വൂരിനു സമീപം വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ മൃതദേഹം, കഴിഞ്ഞ ദിവസം കാണാതായ പള്ളിപ്പറമ്പ് മാങ്കുത്ത് മനോജിന്റെ ഭാര്യ സുജിത(35)യുടേത് എന്നു മൊഴി. ഇവരുടെ തിരോധാനവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത വിഷ്ണുവിന്റെ വീട്ടുവളപ്പിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രി ഒൻപതിനാണ് പൊലീസ് ഇവിടെ പരിശോധന നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് വിഷ്ണുവിനു പുറമെ പിതാവ് കുഞ്ഞുണ്ണി, വിഷ്ണുവിന്റെ സഹോദരൻമാരായ വൈശാഖ്, ജിത്തു, ഇവരുടെ സുഹൃത്ത് ഷിഫാൻ എന്നിവരും അറസ്റ്റിലായി.
തുവ്വൂർ പഞ്ചായത്ത് ഓഫിസിനു സമീപം റെയിൽവേ പാളത്തിന് അടുത്താണ് വിഷ്ണുവിന്റെ വീട്. അഴുകിത്തുടങ്ങിയ മൃതദേഹം മുഴുവനായി പുറത്തെടുക്കാനായിട്ടില്ല. കൊലയ്ക്കു ശേഷം ആഭരണങ്ങൾ മുറിച്ചെടുത്ത് വിൽക്കാൻ ശ്രമിച്ചിട്ടുണ്ട്. ആഭരണം കവരാനാണ് കൊലപാതകം നടത്തിയതെന്നാണ് വിവരം. ഇന്ന് ഫൊറൻസിക് വിഭാഗം എത്തിയ ശേഷമേ മൃതദേഹം പുറത്തെടുക്കൂ.
വീട്ടിൽ വച്ച് സുജിതയെ ശ്വാസം മുട്ടിച്ചുകൊന്നതായി വിഷ്ണു പൊലീസിൽ മൊഴി നൽകി. 11ന് രാവിലെയായിരുന്നു കൊലപാതകം നടത്തിയതെന്നും ഇയാളുടെ മൊഴിയിലുണ്ട്. മരിച്ചു എന്ന് ഉറപ്പാക്കിയ ശേഷം കെട്ടിത്തൂക്കി. പിന്നീട് സഹോദരങ്ങളുടെയും സുഹൃത്തിന്റെയും സഹായത്തോടെ കുഴിച്ചിട്ടുവെന്നാണ് വിവരം.
കുടുംബശ്രീ പ്രവർത്തകയും കൃഷിഭവൻ താൽക്കാലിക ജീവനക്കാരിയുമായ സുജിതയെ കഴിഞ്ഞ 11നാണ് കാണാതായത്. സംഭവവുമായി ബന്ധപ്പെട്ട് പഞ്ചായത്തിലെ താൽക്കാലിക ജീവനക്കാരനായ വിഷ്ണുവിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തിരുന്നു. തുടർന്ന് ഇയാളുടെ വീട്ടുവളപ്പിൽ നടത്തിയ പരിശോധനയിൽ വീടിനു പിൻഭാഗത്ത് കുഴിച്ചിട്ട നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കു പോകുന്നു എന്നു പറഞ്ഞാണ് 11ന് സുജിത വീട്ടില് നിന്നിറങ്ങിയത്. ഇതിനു പിന്നാലെയാണ് കാണാതായത്. ഇതുമായി ബന്ധപ്പെട്ട പരാതിയിൽ അന്വേഷണം തുടരുന്നതിനിടെയാണ് വിഷ്ണുവിന്റെ വീട്ടുവളപ്പിൽ മൃതദേഹം കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയത്. പഞ്ചായത്ത് പരിസരത്തുവച്ച് സുജിതയുടെ ഫോൺ സ്വിച്ച് ഒാഫ് ആയതായി കണ്ടെത്തിയിരുന്നു. ഇതിൽ സംശയം തോന്നിയാണ് വിഷ്ണുവിന്റെ വീട്ടിൽ പരിശോധന നടത്തിയത്.