കൊയിലാണ്ടി:ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായി അശാസ്ത്രീയമായി കുന്നിടിച്ചതിനെത്തുടർന്ന് ഭീതിയിലായ കുന്ന്യോറമല നിവാസികളെ എം എൽ എ യും നഗരസഭ ജനപ്രതിനികളുo ഉദ്യോഗസ്ഥരും സന്ദർശിച്ചു. 30 മീറ്റർ ഉയരത്തിൽ കുത്തനെ അശാസ്ത്രീയമായി മണ്ണിടിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയിൽ കുന്നിടിഞ്ഞ് പ്രദേശമാകെ ഭീതിയിലാണ് . മാത്രമല്ല പ്രദേശത്തെ നൂറോളം വീടുകളിലേക്കുള്ള ഗതാഗത സൗകര്യവും ഹൈവേ വികസനത്തിന്റെ ഭാഗമായി തടസ്സപ്പെട്ടിരുന്നു.
എൻ എച്ച് എ ഐ ഉദ്യോഗസ്ഥരെ എം എൽ എ ഓഫീസിൽ വിളിച്ച് ചേർത്ത് സംഭവത്തിന്റെ ഗൗരവം ധരിപ്പിച്ച ശേഷം ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം പ്രദേശം സന്ദർശിച്ചു . തങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ അത്യന്തം വികാരപരമായാണ് ജനങ്ങൾ സംഘത്തോട് വിശദീകരിച്ചത് . തുടർന്ന്, വിദഗ്ദ സംഘം പരിശോധിച്ചതിന് ശേഷം മണ്ണിടിച്ചിൽ തടയുന്നതിന് ഇരുഭാഗത്തും കോൺക്രീറ്റ് മതിൽ നിർമ്മിക്കുമെന്നും, തടയപ്പെട്ട ഗതാഗത സൗകര്യം ഉറപ്പുവരുത്തുന്നതിന് നടപടി സ്വീകരിക്കുമെന്നും നാഷണൽ ഹൈവേ അതോറിറ്റി ഉറപ്പു നൽകിയതായി കാനത്തിൽ ജമീല എം എൽ എ അറിയിച്ചു. കൊയിലാണ്ടി മുൻസിപ്പാലിറ്റി ചെയർ പേഴ്സൺ സുധ കിഴക്കെപ്പാട്ട് , വൈസ് ചെയർമാൻ അഡ്വ.കെ സത്യൻ , ഇ . കെ . അജിത് മാസ്റ്റർ , കൗൺസിലർ സുമതി , എൻ എച്ച് എ ഐ ഉദ്യോഗസ്ഥർ , അദാനി ഗ്രൂപ്പ് , വാഗാഡ് കമ്പനി പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.