ഗാങ്ടോക്ക്:സിക്കിമിൽ മിന്നല്‍പ്രളയത്തിൽ ചുങ്താങ് അണക്കെട്ടും ജലവൈദ്യുതിനിലയവും തകരാനിടയായത് തരം താഴ്ന്ന നിർമ്മാണം കാരണമെന്ന് മുഖ്യമന്ത്രി പ്രേം സിങ് തമാങ്. അണക്കെട്ട് തകർന്നതോടെയാണ് സിക്കിമിൽ സ്ഥിതി രൂക്ഷമായത്. ഒരു സ്വകാര്യ വാർത്താമാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഡാം തകരാനിടയായ സാഹചര്യം മുഖ്യമന്ത്രി പ്രേം സിങ് തമാങ് വിശദീകരിച്ചത്. അണക്കെട്ട് ശരിയായല്ല നിർമ്മിച്ചത്. മിന്നൽ പ്രളയത്തിൽ സിക്കിമിന്റെ വടക്കൻമേഖലയുമായുള്ള ബന്ധം പൂർണമായി വിച്ഛേദിക്കപ്പെട്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മിന്നൽപ്രളയത്തിൽ 40 പേരാണ് മരിച്ചത്. കുടുങ്ങിക്കിടക്കുന്ന ആളുകളെ കണ്ടെത്തുന്നതിനായി രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ദുരിതാശ്വാസ ക്യാംപുകളിലായി 6,000 പേരാണ് കഴിയുന്നത്. കരസേന, ദുരന്തനിവാരണ സേന എന്നിവയുടെ നേതൃത്വത്തിൽ ഇവർക്ക് ഭക്ഷണവും മറ്റു സഹായങ്ങളുമെത്തിച്ചു. സിക്കിമിനെ രാജ്യത്തിന്റെ മറ്റുഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ദേശീയപാത 10 പലയിടങ്ങളിലും ഒലിച്ചുപോയതോടെ സംസ്ഥാനവുമായി കരമാർഗമുള്ള ബന്ധം ഏറെക്കുറെ വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങളും തടസ്സപ്പെട്ടു.
ബുധനാഴ്ച പുലർച്ചയോടെയായിരുന്നു മിന്നൽ പ്രളയം. വടക്കൻ സിക്കിമിലെ ലോനാക് തടാകത്തിനു സമീപം മേഘവിസ്ഫോടനം സംഭവിച്ചതാണ് പ്രളയത്തിലേക്ക് നയിച്ചത്. ഇതിനുപിന്നാലെയാണ് ചുങ്താങ് അണക്കെട്ടും ജലവൈദ്യുതിനിലയവും തകർന്നത്. ഇതോടെയാണ് മിന്നൽപ്രളയം രൂക്ഷമായത്. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.