ടെൽഅവീവ് : ഗാസയിലേക്ക് കരയിലൂടെയുള്ള യുദ്ധത്തിനൊരുങ്ങി ഇസ്രയേൽ. ആയിരക്കണക്കിന് ഇസ്രയേലി സൈനികർ ഗാസ അതിർത്തിയിലെത്തി. ഹമാസ് നേതാക്കളെ ഒന്നടങ്കം വധിക്കുമെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചു. അതേസമയം, ഗാസയിലെ കൂട്ടമരണം ഒഴിവാക്കാൻ മനുഷ്യ ഇടനാഴി സാധ്യമാകുമോയെന്ന് ആലോചിക്കുന്നതായി അമേരിക്ക അറിയിച്ചു. ഇസ്രായേലിൽ 1200 പേരും ഗാസയിൽ ആയിരം പേരും ഇതുവരെ കൊല്ലപ്പെട്ടു.
വ്യോമാക്രമണത്തിലൂടെ ഹമാസിന്റെ കേന്ദ്രങ്ങൾ എല്ലാം തകർത്തതിന് പിന്നാലെ കരയിലൂടെ സൈനിക നീക്കം. 2005 ൽ ഗാസയിൽ നിന്ന് സൈന്യത്തെ പിൻവലിച്ച ഇസ്രയേൽ ഒന്നര പതിറ്റാണ്ടിന് ശേഷം വീണ്ടും ഗാസ പിടിക്കാൻ ഇറങ്ങുകയാണ്. ഹമാസിനെ പൂർണ്ണമായി നിരായുധീകരിക്കലാണ് ഇസ്രയേലിന്റെ ലക്ഷ്യം. ഇത് ഏറെ നീണ്ടുനിൽക്കുന്നതും ബുദ്ധിമുട്ടുള്ളതുമായ ദൗത്യമെന്ന് ഇസ്രയേൽത്തന്നെ വിലയിരുത്തുന്നു. ഗാസ ഇനിയൊരിക്കലും പഴയതുപോലെ ആകില്ലെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി യുവാവ് ഗലാട്ട് പ്രതികരിച്ചു. ഹമാസിന്റെ നേതൃനിരയെ ഇല്ലാതാക്കലാണ് ലക്ഷ്യമെന്ന് ഇസ്രയേൽ പ്രതിരോധ വക്താവും വ്യക്തമാക്കി. നിരപരാധികൾ കൂട്ടമായി മരിക്കുന്ന സാഹചര്യം ഒഴിവാക്കാൻ സുരക്ഷിത ഇടനാഴി ഒരുക്കാൻ കഴിയുമോ എന്ന് ഈജിപ്തുമായും ഇസ്രായേലുമായും ചർച്ച നടത്തുന്നുവെന്ന് അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവൻ പറഞ്ഞു.
ഏറ്റവുമധികം ആക്രമണം നടക്കാനിടയുള്ള മേഖലയിൽ നിന്ന് ജനങ്ങളെ ഈജിപ്തിലേക്ക് ഒഴിപ്പിക്കാനാണ് ആലോചനയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗോലാൻ കുന്നുകളിലെ ഇസ്രയേൽ സൈനിക പോസ്റ്റുകൾക്കുനേരെ സിറിയയിൽ നിന്ന് ഇന്ന് ആക്രമണമുണ്ടായി. ലെബനോനിൽ നിന്നും ആക്രമണം ഉണ്ടായി. രണ്ട് അതിർത്തികളിലും ഇസ്രയേൽ സൈനിക വിന്യാസം ശക്തമാക്കി. ഈ ആക്രമണങ്ങൾക്ക് പിന്നിൽ ഹിസ്‌ബുല്ല എന്നാണ് സൂചന. അതേസമയം, അതിർത്തിയുടെ പൂർണ്ണ നിയന്ത്രണം തിരിച്ചു പിടിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടിരുന്നു. എന്നാൽ, നുഴഞ്ഞുകയറ്റ ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്. കടൽ മാർഗം നുഴഞ്ഞു കയറാൻ ശ്രമിച്ച ഒരാളെ ഇസ്രയേൽ നാവികസേനാ വധിച്ചു. ഇസ്രയേൽ നഗരങ്ങളിലേക്ക് റോക്കറ്റ് ആക്രമണവും തുടരുകയാണ്.