ഗാന്ധിനഗർ: വാഗ് ബക്രി ടീ ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ പരാഗ് ദേശായുടെ മരണവുമായി ബന്ധപ്പെട്ട് സുപ്രധാന വിവരങ്ങൾ പുറത്ത് വിട്ട് ഗുജറാത്തിലെ ആശുപത്രി. ഒക്ടോബർ 15 ന് ആശുപത്രിയിൽ നായയുടെ ആക്രമണത്തിൽ ചികിത്സയ്ക്കെത്തിയ ദേശായുടെ ശരീരത്തിൽ നായയുടെ കടിയേറ്റ പാടുകളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക കണ്ടെത്തൽ.
ഒക്ടോബർ 15ന് ഗുജറാത്തിലെ അഹമ്മദാബാദിലെ വീടിന് സമീപം പ്രഭാത സവാരിക്കിടയിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ തലയ്ക്ക് പരിക്കേറ്റുവെന്ന് അറിയിച്ചാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിക്കുന്നത്. എന്നാൽ ഞായറാഴ്ചയോടെ മരണപ്പെടുകയായിരുന്നു . തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സാഹചര്യത്തിലാണ് അഹമ്മദാബാദിലെ ഷാൽബി ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിക്കുന്നത്. പക്ഷെ കൂടുതൽ മികച്ച ചികിത്സക്കായി അദ്ദേഹത്തെ നഗരത്തിലെ സൈഡസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
എന്നാൽ ഷാൽബി ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ അദ്ദേഹത്തിന്റെ ശരീരത്തിൽ കടിയേറ്റ പാടുകളൊന്നുമില്ലെന്ന് മെഡിക്കൽ സംഘം വെളിപ്പെടുത്തി. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചപ്പോൾ അദ്ദേഹം അബോധാവസ്ഥയിലാണെന്നും പ്രതികരിച്ചില്ലെന്നും പ്രസ്താവനയിൽ പറയുന്നു. കൂടാതെ അദ്ദേഹത്തെ 72 മണിക്കൂർ നിരീക്ഷണത്തിൽ വയ്ക്കാൻ ആവശ്യപ്പെട്ടതായി ഷാൽബി ഹോസ്പിറ്റൽസ് ഗ്രൂപ്പ് സി.ഒ.ഒ നിഷിത ശുക്ല പറഞ്ഞു. പ്രഭാത നടത്തത്തിനിടെയുണ്ടായ വീഴ്ചയിൽ മസ്തിഷ്ക മരണം
സംഭവിച്ചുവെന്നതാണ് മെഡിക്കൽ സംഘത്തിന്റെ ഔദ്യോഗിക പ്രസ്താവന.
അതേസമയം ദേശായി തെരുവ് നായ്ക്കളുടെ ഉറച്ച പിന്തുണക്കാരനായിരുന്നുവെന്ന് മൃഗാവകാശ പ്രവർത്തകയായ കാമ്ന പാണ്ഡെ സമൂഹ മാധ്യമമായ എക്സിൽ പറഞ്ഞു. തെരുവ് നായ്ക്കളുടെ സ്വഭാവവും അവയുടെ പെരുമാറ്റത്തിലുള്ള പരിചയവും കണക്കിലെടുത്താൽ ഒരിക്കലും ഒരു നായ പ്രേമിയെ തെരുവ് നായ്ക്കൾക്ക് ആക്രമിക്കാൻ കഴിയില്ലെന്നത് എല്ലാവർക്കും അറിയാവുന്ന വസ്തുതയാണെന്ന് അദ്ദേഹം കുറിച്ചു. കൂടാതെ അവർ കുരയ്ക്കുകയോ ഓടുകയോ ചെയ്താൽ അയാൾ പരിഭ്രാന്തനാകാൻ സാധ്യതയില്ലെന്നും പോസ്റ്റിൽ പറയുന്നു .മാനേജിങ് ഡയറക്ടർ രസേഷ് ദേശായിയുടെ മകനായിരുന്ന പരാഗ് ദേശായി 1995ലാണ് ബിസിനസിൽ ചേരുന്നത്. നാലാം തലമുറ സംരംഭകനായ ദേശായി ന്യൂയോർക്കിലെ ലോംഗ് ഐലൻഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് എം.ബി.എ ബിരുദദാരിയാണ്.