തിരുവനന്തപുരം: റിവ്യൂ വഴി സിനിമയെ തകർക്കുന്നു എന്ന് പരാതി കിട്ടിയിട്ടുണ്ടെന്ന് മന്ത്രി സജി ചെറിയാൻ. റിലീസ് ചെയുന്നതിന് മുമ്പ് തന്നെ നെഗറ്റീവ് റിവ്യൂകൾ വരുന്നു. നെഗറ്റീവ് വരുന്നതോട് കൂടി കളക്ഷൻ കുറയുന്നു. വ്യവസായം നിലനിൽക്കണം എങ്കിൽ ചില നടപടികൾ എടുക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. വിഷയം കോടതിയുടെ മുന്നിൽ ആണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വിനായകൻ വിവാദത്തിലും മന്ത്രി പ്രതികരിച്ചു. അത് കലാകാരന്റെ കലാപ്രകടനം ആയി കണ്ടാൽ മതിയെന്നായിരുന്നു വിനായകന്റെ പൊലീസ് സ്റ്റേഷനിലെ പെരുമാറ്റത്തെക്കുറിച്ച് മന്ത്രി പറഞ്ഞത്. ആ പ്രകടനം പൊലീസ് സ്റ്റേഷനിൽ ആയിപ്പോയെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഒക്ടോബര്‍ 25നാണ് സിനിമ റിവ്യൂ ചെയ്തവര്‍ക്കെതിരെ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്. റാഹേൽ മകൻ കോര എന്ന സിനിമയുടെ സംവിധായകൻ ഉബൈനിയുടെ പരാതിയില്‍ ആയിരുന്നു കേസ്. സമൂഹമാധ്യമങ്ങളിലൂടെ സിനിമ മോശമാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചു എന്നായിരുന്നു പരാതി. വിഷയത്തില്‍ എറണാകുളം സെൻട്രൽ പൊലീസ് കേസ് എടുത്തത്. നേരത്തെ ആരോമലിന്‍റെ ആദ്യ പ്രണയം എന്ന ചിത്രത്തിന്‍റെ സംവിധായകൻ മുബീൻ നൗഫല്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിച്ചിരുന്നു. പിന്നാലെ സിനിമകള്‍ റിലീസ് ചെയ്ത് ആദ്യ ഏഴ് ദിവസം റിവ്യൂ അനുവദിക്കരുതെന്ന് ഹൈക്കോടതി പറഞ്ഞതായി പ്രചരണവും നടന്നു. എന്നാല്‍ ഇത്തരമൊരു ഉത്തരവ് പ്രകടിപ്പിച്ചിട്ടില്ലെന്ന് ഹൈക്കോടതി തന്നെ പിന്നീട് വ്യക്തമാക്കിയിരുന്നു. പ്രോഡ്യൂസേഴ്സ് അസോസിയേഷൻ ഇത്രയും കാലം എവിടെയായിരുന്നുവെന്നും കോടതി ചോദിച്ചിരുന്നു. റിവ്യൂ നിയന്ത്രിക്കാൻ പ്രത്യേക പ്രോട്ടോകോൾ ഇല്ലെന്ന് സംസ്ഥാന പൊലീസ് മേധാവിയും വ്യക്തിമാക്കി രംഗത്തെത്തി.