പയ്യോളി: കീഴൂർ ശിവക്ഷേത്രത്തിലെ പ്രസിദ്ധമായ ആറാട്ട് ഉത്സവം ഇന്ന് കൊടിയേറും. 11 മണിക്ക് ദ്രവ്യകലശാഭിഷേകം, വൈകീട്ട് ആറാട്ട് കുടവരവ്, ആലവട്ടം വരവ്, ആചാര്യവരണം എന്നിവയ്ക്ക് ശേഷം രാത്രി ഏഴ് മണിക്കാണ് കൊടിയേറ്റം. തന്ത്രി തരണനല്ലൂർ തെക്കിനിയേടത്ത് പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് കാർമികത്വം വഹിക്കും.
തുടർന്ന് ഗാനമേള. 12ന് രാവിലെ 7.30ന് കന്നുകാലി ചന്തയുടെ ഭാഗമായി കാളയെ ചന്തയിൽ കടത്തികെട്ടൽ ചടങ്ങ്. 10.30ന് കലാണ്ഡലം ശ്രീനാഥിന്റെ ചാക്യാർകൂത്ത്, പ്രസാദസദ്യ, 6.30ന് മെഗാ തിരുവാതിര, എഴ് മണിക്ക് കോമഡി മ്യൂസിക് നൈറ്റ്, 9.30ന് സദനം അശ്വിൻ മുരളിയുടെ തായമ്പക, 13ന് 10.30ന് കലാമണ്ഡലം സുരേഷ് കാളിയത്തിന്റെ ഓട്ടൻതുള്ളൽ, എഴ് മണിക്ക് തിരുവനന്തപുരം അക്ഷരകലയുടെ കുചേലൻ നാടകം, 9.30ന് കലാമണ്ഡലം ശിവദാസ്, സനൂപ് എന്നിവരുടെ ഇരട്ട തായമ്പക.
വലിയ വിളക്ക് ദിവസമായ 14ന് 10.30ന് മുഴിക്കുളം നേപത്ഥ്യ ജിനേഷിന്റെ പാഠകം, 6.30ന് കലാമണ്ഡലത്തിന്റെ നൃത്തനൃത്യങ്ങൾ, 9.30ന് പനമണ്ണ ശശി, അത്താലൂർ ശിവദാസൻ എന്നിവരുടെ ഇരട്ടതായമ്പക, പള്ളിവേട്ട ദിവസമായ 15ന് 10.30ന് അക്ഷരശ്ലോക സദസ്, നാല് മണി മുതൽ പള്ളി മഞ്ചൽ വരവ്, തിരുവായുധം വരവ്, നിലക്കളി വരവ്, ആറ് മണിക്ക് അമേയ കൃഷ്ണ നമ്പ്യാരുടെ ഭാതനാട്യം, ഭക്തിഗാനസുധ, എട്ട് മണിക്ക് പള്ളിവേട്ടയ്ക്ക് എഴുന്നള്ളിപ്പ്.
16നാണ് ആറാട്ട് ഉത്സവം. 9.30ന് മുചുകുന്ന് പത്മനാഭന്റെ ഓട്ടൻതുള്ളൽ, 3.30ന് പഞ്ചവാദ്യം, നാഗസ്വരം, ഉപ്പുംതണ്ടും വരവ്, കാരക്കെട്ട് വരവ്. തുടർന്ന് ചിങ്ങപുരം കൊങ്ങന്നൂർ ഭഗവതി ക്ഷേത്രത്തിൽ നിന്നുള്ള എഴുന്നള്ളത്ത് എത്തിയാൽ മൂന്ന് ആനകൾ അണിനിരക്കുന്ന ആറാട്ടെഴുന്നള്ളത്ത്. തൃക്കുറ്റിശ്ശേരി ശിവശങ്കര മാരാരുടെ നേതൃത്വത്തിൽ മേളവും. എഴ് മണിക്ക് യാത്രാബലി, ഇലഞ്ഞിക്കുളങ്ങരയിൽ നിന്ന് പിലാത്തറ മേളം, ചൊവ്വവയലിൽ വെടിക്കെട്ട്, എഴുന്നള്ളത്ത് പൂവെടിത്തറയിൽ എത്തിയാൽ പാണ്ടിമേളം, കേളിക്കൈ, കൊമ്പ്പറ്റ്, കുഴൽപറ്റ് എന്നിവയ്ക്ക് ശേഷം കരിമരുന്ന് പ്രയോഗമായ പൂവെടി. തുടർന്ന് 17ന് പുലർച്ചെ രണ്ട് മണിക്ക് കണ്ണംകുളത്ത് കുളിച്ചാറാടിക്കൽ. ഉത്സവദിവസങ്ങളിൽ ദിവസവും പ്രഭാതഭക്ഷണം, പ്രസാദസദ്യ, രാവിലെയും വൈകിട്ടും കാഴ്ചശീവേലി, അഭിഷേകം, മേളം, ഗണപതിഹോമം, കേളി, വിളക്കിനെഴുനള്ളിപ്പ്, വിശേഷാൽ പൂജകൾ എന്നിവയും ഉണ്ടാകും. ഉത്സവത്തോടനുബന്ധിച്ച് വിവിധ ചന്തകളും അമ്യൂസ്മെന്റ് റൈഡുകളും കലാപരിപാടികളും അരങ്ങേറും.