കോഴിക്കോട്: ഉത്പാദനത്തിലെ പിഴവ് കാരണം ടൺ കണക്കിന് കാലിത്തീറ്റ നശിച്ച തിരുവങ്ങൂർ കേരള ഫീഡ്സ് തൊഴിലാളി സമരത്തിലേക്ക്. വാർത്ത പുറത്തായതിന്റെ പേരിൽ കരാർ തൊഴിലാളികൾക്കെതിരെ നടപടിയെടുത്തതിൽ പ്രതിഷേധിച്ചാണ് സമരം ആരംഭിക്കുന്നത്. സ്റ്റിച്ചിംഗ് തൊഴിലാളിയായ വി പി പ്രതീഷിനെ സസ്പെന്റ് ചെയ്ത മാനേജ്മെന്റ്, യൂണിറ്റ് ഹെഡിനെ ജോലികളിൽ നിന്ന് മാറ്റി നിർത്തി. വിവിധ യൂണിയനുകളിൽ പെട്ട മുഴുവൻ തൊഴിലാളികളും ഒറ്റക്കെട്ടായാണ് സമരത്തിനിറങ്ങിയത്. അനിശ്ചിതകാല സമരം തുടങ്ങുന്നതിന്റെ ഭാഗമായി ഇന്ന് ഒരു മണിക്കൂർ സൂചന സമരം നടന്നു.
തൊഴിലാളി സംഘടന നേതാക്കൾ മാനേജ്മെന്റുമായി ചർച്ച നടത്തിയെങ്കിലും ഫലം കാണാത്ത സാഹചര്യത്തിലാണ് സൂചന സമരം നടത്തിയത്. വിഷയങ്ങളോട് മുഖം തിരിക്കുന്ന എംഡി നിലപാട് തുടർന്നാൽ നാളെ മുതൽ സ്ഥാപനം നിശ്ചലമാകും. പ്രശ്നം സങ്കീർണ്ണമായതോടെ കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല വിഷയത്തിൽ ഇടപെട്ടു. ഉടൻ തന്നെ കേരള ഫീഡ്സ് യൂണിറ്റ് സന്ദർശിക്കുമെന്ന് എംഎൽഎ അറിയിച്ചു. തൊഴിലാളി സമരം സിഐടിയു കൊയിലാണ്ടി ഏരിയ സെക്രട്ടറി അശ്വിനി ദേവ് ഉദ്ഘാടനം ചെയ്തു. പൂപ്പൽ ബാധിച്ച് നശിച്ച കാലീത്തീറ്റ വളമാക്കി മാറ്റുമെന്നാണ് മാനേജ്മെന്റ് അറിയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഈ യൂണിറ്റിന്റെ പേര് വളം ഡിപ്പോ എന്ന് മാറ്റിക്കൂടെ എന്നും അശ്വിനി ദേവ് ചോദിച്ചു. യൂണിറ്റ് സിഐടിയു പ്രസിഡണ്ട് പി പി ഷാജു കുമാർ, ഐ എൻടിയുസിയെ പ്രതിനിധീകരിച്ച് സുധാകരൻ ടി.കെ, ശ്രീകുമാർ ഒ, എച്ച്എംഎസിന് വേണ്ടി കെ. കൽപേഷ് എന്നിവർ സംസാരിച്ചു.