തെക്കൻ തമിഴ്നാട്ടിലെ പ്രളയത്തില്‍ മരണം പത്തായി; ട്രെയിന്‍ ഗതാഗതം പുന:സ്ഥാപിച്ചില്ല,കേന്ദ്ര സംഘം ഇന്നെത്തും

news image
Dec 20, 2023, 4:03 am GMT+0000 payyolionline.in

ചെന്നൈ: തെക്കന്‍ തമിഴ്നാട്ടിലെ പ്രളയത്തില്‍ മരണ സംഖ്യ പത്തായി ഉയര്‍ന്നു. തിരുനെൽവേലി -തിരുച്ചെന്തൂർ റൂട്ടിൽ ട്രെയിൻ ഗതാഗതം പുന:സ്ഥാപിക്കാനായിട്ടില്ല. ഈറൂട്ടിലെ 16 ട്രെയിനുകൾ റദ്ദാക്കി. പ്രളയത്തെതുടര്‍ന്ന് മൂന്ന് ജില്ലകളിലെ സ്‌കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. തിരുനെൽവേലി,തെങ്കാശി,തൂത്തുക്കൂടി എന്നീ മൂന്നു ജില്ലകളിലെ സ്കൂളുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. ഇതിനിടെ, കേന്ദ്രസംഘം ഇന്ന് തൂത്തുകുടിയിലെ പ്രളയമേഖലകൾ സന്ദർശിക്കും. തെക്കൻ ജില്ലകളിൽ മരണം 10 ആയി.

അതേസമയം, പ്രളയത്തില്‍ തമിഴ്നാട്ടിലെ രാഷ്ട്രീയ പോര് തുടരുകയാണ്. തമിഴ്നാട് ഗവർണർക്കെതിരെ ധനമന്ത്രി തങ്കം തെന്നരശ് രംഗത്തെത്തി. ഗവര്‍ണര്‍ ആർ എൻ രവി  കള്ളം പറയുന്നുവെന്ന് ധനമന്ത്രി തങ്കം തെന്നരശ് ആരോപിച്ചു. കേന്ദ്ര ഏജൻസികളുമായി കൈകോർത്താണ് രക്ഷാപ്രവർത്തനമെന്നും സൈന്യവും എന്‍ഡിആര്‍എഫും സജീവമായി ഉള്ളപ്പോൾ ഗവർണർ എന്താണ് പറയുന്നതെന്നും മന്ത്രി ചോദിച്ചു. വെള്ളം ഇറങ്ങിതുടങ്ങിയ തെക്കൻ തമിഴ്നാട്ടിൽ രക്ഷാപ്രവർത്തനം ഊർജിതമാണ്.  തൂത്തുക്കുടിയിലും തിരുനെൽവേലിയിലും സൈന്യത്തിന്റെയും ദേശീയ ദുരന്ത നിവാരണ സേനയുടെയും നേതൃത്വത്തിൽ ആണ് രക്ഷാ പ്രവർത്തനം.

ദില്ലി സന്ദർശനം പൂർത്തിയാക്കിയ ശേഷം ഇന്ന് ചെന്നൈയിൽ തിരിച്ചെത്തുന്ന മുഖ്യമന്ത്രി സ്റ്റാലിൻ വൈകിട്ട് മധുരക്ക് പോകും.നാളെ തൂത്തുകുടിയിലെ പ്രളയ മേഖലകൾ സന്ദർശിക്കും.കേന്ദ്രസംഘം ഇന്ന് തൂത്തുക്കുടിയിൽ എത്തുന്നതുകൊണ്ടാണ് സ്റ്റാലിൻറെ വരവ് നീട്ടിയത് എന്നാണ് വിശദീകരണം.സംസ്ഥാനത്തെ പ്രളയം ദേശീയ ദുരന്തം ആയി പ്രഖ്യാപിക്കണമെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 2000 കോടി രൂപ ഉടൻ അനുവദിക്കണമെന്നും സ്റ്റാലിൻ ഇന്നലെ പ്രധാനമന്ത്രിയായുള്ള കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe