കൊയിലാണ്ടി : സിപിഎം കൊയിലാണ്ടി സെൻട്രൽ ലോക്കൽ കമ്മറ്റി സെക്രട്ടറി പി വി സത്യനാഥനെ അരുംകൊല ചെയ്തിട്ട് ആറ് ദിവസം കഴിഞ്ഞിട്ടും സംഭവത്തിലെ ദുരൂഹത അകറ്റാനോ എന്താണ് സംഭവിച്ചത് എന്ന് കണ്ടുപിടിക്കാനോ പോലീസിന് ഇത് വരെ സാധിച്ചിട്ടില്ലെന്ന് കെ കെ രമ എം എൽ എ പറഞ്ഞു. സത്യനാഥൻ്റെ വീടുസന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.
തെളിവുകൾ നഷ്ടപ്പെടുന്നതിന് മുമ്പ് പോലീസ് അന്വേഷണം ത്വരിതപ്പെടുത്തേണ്ടതുണ്ട്. കൊല നടന്ന് ആറാം ദിവസമാണ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് തയാറായത്. പ്രതി പോലീസ് സ്റ്റേഷനിൽ ഹാജരായി. ഇനി കൂടുതൽ കാര്യങ്ങൾ അന്വേഷിക്കേണ്ടതില്ല’ എന്നൊരു മനോഭാവത്തിലാണ് പോലീസ്’ നടപടികൾ ഇഴഞ്ഞുനീങ്ങുന്നത്. ഭരണകക്ഷിയുടെ പ്രധാനപ്പെട്ട ഒരു നേതാവ് കൊല ചെയ്യപ്പെട്ടിട്ട് അന്വേഷണം എന്ത് കൊണ്ടിത്ര ലാഘവത്തിൽ നടക്കുന്നു എന്നത് ദുരൂഹമാണ്.
തൻ്റെ വീട്ടിന് മുമ്പിലൂടെ നിത്യേന നടന്നു പോകുന്ന ഒരാളെ കൊല ചെയ്യുന്നതിന് ജനനിബിഡമായ ഉത്സവപ്പറമ്പ് തന്നെ പ്രതി എന്തുകൊണ്ട് തിരഞ്ഞെടുത്തു എന്നത് ദുരൂഹമാണ്. കൊല ചെയ്യുപ്പെട്ടയാളും കൊലയാളിയും ഒരേ പാർട്ടിയുടെ പ്രവർത്തകരാണ് എന്നത് ഈ ദുരൂഹത വർദ്ധിപ്പിക്കുന്നുണ്ട്. ജനനിബിഡമായ ഉത്സവപ്പറമ്പിൽ കുടുംബാംഗങ്ങളോടൊപ്പം കഴിയുകയായിരുന്ന സത്യനാഥനെ ആരുടേയും ശ്രദ്ധയിൽപ്പെടാതെ ഒച്ചയനക്കങ്ങളില്ലാതെ, ഒരു പിടച്ചിൽ പോലുമില്ലാതെ നിമിഷ നേരം കൊണ്ട് കഴുത്തു മുറിച്ച് കൊലപ്പെടുത്താൻ, തികഞ്ഞ പരിശീലനം സിദ്ധിച്ച ഒരു പ്രൊഫഷണൽ കൊലയാളിക്ക് മാത്രമേ കഴിയൂ എന്നത് വ്യക്തമാണ്. ഇതിൽ നിന്ന് ഒരു കാര്യം വ്യക്തമാണ്. പ്രതി ജീവിതത്തിലാദ്യമായി ചെയ്ത ഒരു കുറ്റകൃത്യമല്ലിത്. പെട്ടന്നുണ്ടായ ഒരു വികാരത്താൽ നടത്തിയ കൊലയുമല്ല. അതുകൊണ്ടുതന്നെ ഇയാളുടെ മുൻകാല ചെയ്തികൾ പഴുതുകളില്ലാതെ അന്വേഷിച്ച് പുറത്തു കൊണ്ടുവരേണ്ടതുണ്ട്.
പ്രത്യേകിച്ച് സി പി എം എന്ന പാർട്ടി, അവരുടെ ക്രിമിനൽ പ്രവർത്തനങ്ങൾക്ക് ദീർഘകാലമായി ഉപയോഗിക്കുന്ന ഒരാൾ എന്ന നിലയിൽ ഇത്തരം ഒരന്വേഷണം പരമ പ്രധാനമാണ്. ജില്ലക്കകത്തും അയൽ ജില്ലകളിലുമുള്ള ക്രിമിനൽ സംഘങ്ങൾക്ക് പ്രതിയുമായുള്ള ബന്ധവും അന്വേഷിക്കേണ്ടതുണ്ട്. സംസ്ഥാന ഭരണകക്ഷി നേതാവിനെ കൊല ചെയ്തിട്ടും പോലീസിൻ്റെ ഭാഗത്തുനിന്നുണ്ടാവുന്ന മെല്ലെപ്പോക്ക് ജനങ്ങൾ ക്കിടയിൽ പലതരം സംശയങ്ങൾക്കിടയാക്കിയിട്ടുണ്ടെന്ന് രമ പറഞ്ഞു. വീട്ടിലെത്തിയ എം എൽ എ സത്യനാഥൻ്റെ ഭാര്യയേയും മക്കളേയും ആശ്വസിപ്പിച്ചു. കുടുംബാംഗങ്ങളോടും നാട്ടുകാരോടും വിവരങ്ങൾ ആരാഞ്ഞു. സത്യം പുറത്തു കൊണ്ടുവരുന്നതിന് എല്ലാ പിന്തുണയും വാഗ്ധാനം ചെയ്തു.