കൊച്ചി: കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജിൽ ജാസി ഗിഫ്റ്റിനെ പ്രിന്‍സിപ്പള്‍ അപമാനിച്ച സംഭവത്തില്‍ പ്രതികരണവുമായി ഗായകന് ജി വേണുഗോപാല്‍. ഒരു കലാകാരൻ വേദിയിൽ പെർഫോം ചെയ്യുമ്പോൾ വേദിയിൽ കടന്ന് വന്ന് അയാളെ തടസ്സപ്പെടുത്തുക എന്ന് പറയുന്നത് സംസ്ക്കാരവിഹീനമായ വൃത്തികെട്ട പ്രവൃത്തിയാണെന്ന് അദ്ദേഹം പറയുന്നു. ഒരു കോളേജ് പ്രിൻസിപ്പളാണ് ഇത് ചെയ്തത് എന്ന് കേൾക്കുമ്പോൾ നടുക്കമാണ് തോന്നുന്നതെന്നും വേണുഗോപാല്‍ പറയുന്നു. “ഒരു പാട്ടുകാരൻ, കലാകാരൻ, അയാൾ വേദിയിൽ പെർഫോം ചെയ്യുമ്പോൾ വേദിയിൽ കടന്ന് വന്ന് അയാളെ തടസ്സപ്പെടുത്തുക എന്ന് പറയുന്നത് സംസ്ക്കാരവിഹീനമായ, വൃത്തികെട്ട ഒരു പ്രവൃത്തിയാണ്. ഒരു കോളേജ് പ്രിൻസിപ്പലാണു് ഇത് ചെയ്തത് എന്ന് കേൾക്കുമ്പോൾ നടുക്കം. കലാലയങ്ങൾ പലത് കൊണ്ടും കലാപാലയങ്ങളായ് തീരുമ്പോൾ അവയെ നയിക്കുന്ന ചിലരെങ്കിലും അതിനൊത്ത് ചേർന്ന് വരുന്നവെന്ന് മാത്രം. നല്ല അദ്ധ്യാപകരും പ്രിൻസിപ്പൾമാരും കേരളത്തിലുണ്ടെന്ന് വിശ്വസിക്കാനാണെനിക്കിഷ്ടം. അനിതരസാധാരണനായ ഒരു കലാകാരനും വ്യക്തിയുമാണ് ജാസി. എല്ലാം ഉള്ളിലൊതുക്കി മസിലുപിടിച്ച് എന്തും കാണുകയും കേൾക്കുകയും ഒന്നിനേയും അംഗീകരിക്കാതിരിക്കുയും ചെയ്യുന്ന മലയാളിയെ ആദ്യമായി ഷർട്ടൂരി തലയ്ക്ക് മുകളിൽ കറക്കി നൃത്തം ചെയ്യിച്ചേറ്റു പാടിപ്പിച്ചയാളാണ് ജാസി.
മലയാള സിനിമാ സംഗീതം ജാസിക്ക് മുൻപും പിൻപും എന്നൊരു വിഷയത്തിന് സാധ്യതയേറെയാണ്. എൻ്റെ സിനിമാ സംഗീത ജീവിതത്തിലെ വലിയൊരു നിരാശ ജാസിയുടെ ആദ്യ സിനിമയായ For the people ൽ ഞാൻ പാടി പുറത്ത് വരാത്ത പാദസരമേ കിലുങ്ങാതെ” എന്ന പാട്ടാണ്. “അതെൻ്റെ കയ്യിൽ നിന്നും പോയി ചേട്ടാ ” എന്ന് ജാസി നിരാശയോടെ പറയും. ആരോടും വിരോധമോ വിദ്വേഷമോ ഇല്ലാത്ത സരസനായ, ഇത്ര നർമ്മബോധമുള്ള മറ്റൊരു സംഗീതജ്ഞനെ കാണാൻ പ്രയാസമാണ്. കയ്യിലെ മൈക്ക് തട്ടിപ്പറിക്കുമ്പോൾ ഒരു ഏറ്റുമുട്ടലിനും നിൽക്കാതെ ഇറങ്ങി വന്ന ജാസിയുടെ ഉള്ളിലൂറി വന്ന ചിരിയും ചിന്തയും ഇതായിരുന്നിരിക്കണം “ഇത് വച്ചൊരു പാട്ടും റാപ്പും ഞാനുണ്ടാക്കി കാണിച്ചു തരാം ടീച്ചറേ” തീയിൽ കുരുത്തവനുണ്ടോ കോലഞ്ചേരിയിൽ വാടുന്നു? With you, dear bro Jassy”, എന്നാണ് ജി വേണുഗോപാല്‍ കുറിച്ചത്.