പയ്യോളി: നഗരസഭയിലെ ഇരിങ്ങൽ മങ്ങൂൽ പാറയ്ക്ക് സമീപം റോഡരികിൽ ഹോട്ടൽ മാലിന്യം തള്ളിയ വടകര എംആര്‍എ റെസ്റ്റോറൻ്റ് എന്ന സ്ഥാപനത്തിൽ നിന്നും 50,000/- രൂപ പിഴ ഈടാക്കി.
ഏപ്രിൽ മാസം 24 ന് പുലർച്ചെയാണ് 4 ലോഡ് ദുർഗന്ധം വമിക്കുന്ന ഹോട്ടൽ മാലിന്യങ്ങൾ നിക്ഷേപിച്ചത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. വിവരം കൗൺസിലർ ടി അരവിന്ദാക്ഷൻ നഗരസഭയെ അറിയിക്കുകയും ആരോഗ്യ വിഭാഗം ഉടൻ പരിശോധിക്കുകയും ചെയ്തു.
നഗരസഭ ചെയർമാൻ വി.കെ അബ്ദുറഹിമാനും ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.എം ഹരിദാസും സ്ഥലത്തെത്തി നിർദ്ദേശങ്ങൾ നല്കി.നാട്ടുകാരുടെയും നഗരസഭ ആരോഗ്യ വിഭാഗത്തിൻ്റെയും പരിശോധനയിൽ മാലിന്യം തള്ളിയ സ്ഥാപനത്തെ തിരിച്ചറിയുകയായിരുന്നു.
നിക്ഷേപിച്ച മാലിന്യങ്ങൾ സ്ഥാപനത്തിനെ കൊണ്ട് തന്നെ തിരികെയെടുപ്പിച്ചു. നഗരസഭ ക്ലീൻ സിറ്റി മാനേജർ ടി .ചന്ദ്രൻ, ഹെൽത്ത് ഇൻസ്പെക്ടർ ടി.പി. പ്രജീഷ്കുമാർ, ജൂനിയൽ ഹെൽത്ത് ഇൻസ്പെക്ടർ രജനി ഡി.ആർ , സാനിറ്ററി വർക്കർ ബാബു ചേനോളി എന്നിവർ പരിശോധനയ്ക്ക് നേത്യത്ത്വം നല്കി.
മാലിന്യം നിക്ഷേപിച്ച വാഹനം പിടിച്ചെടുക്കാൻ നഗരസഭ സെക്രട്ടറി എം വിജില പയ്യോളി പോലീസിൽ പരാതി നല്കി.
പ്രദേശത്തെ റസിഡൻസ് അസോസിയേഷൻ്റെ അവസരോചിതമായ ഇടപെടലാണ് ഇത്ര പെട്ടെന്ന് നടപടി സ്വീകരിക്കാൻ നഗരസഭയെ സഹായിച്ചത് എന്നതിനാൽ ഇവർക്ക് റിവാർഡ് നല്‍കുമെന്ന് നഗരസഭ ചെയർമാൻ വി.കെ അബ്ദുറഹിമാൻ അറിയിച്ചു.