വടകര : ദേശീയപാതയിൽ അഴിയൂരിൽ കാൽനട യാത്രക്കാർക്കും വിദ്യാർഥികൾക്കും അപകട ഭീഷണിയായി തണൽ മരച്ചില്ലകൾ. അഴിയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, അഴിയൂർ ചുങ്കം തുടങ്ങിയ സ്ഥലങ്ങളിലാണ് മരച്ചില്ലകൾ ഭീഷണിയായത്. ദേശീയപാത മൂടിയ നിലയിലാണ് തണൽ മരത്തിന്റെ ചില്ലകൾ. ചുങ്കം ടൗണിലെ മരങ്ങളിലെ മരചില്ലകൾ റോഡിൽ അടർന്ന് വീഴുന്നുണ്ട്.
ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പാതയുടെ വക്കിൽ മരച്ചില്ലകൾ അപകടക്കുരുക്കായി മാറിയിട്ടും മുറിച്ചുമാറ്റാൻ നടപടിയുണ്ടായിട്ടില്ല. അഴിയൂർ സ്കൂളിന് മുൻവശത്തെ ബസ് സ്റ്റോപ്പിന് സമീപത്തും മരങ്ങൾ അപകടക്കാഴ്ചയാണ്. വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ ബസ് കാത്തുനിൽക്കുന്നത് മരച്ചില്ലകൾക്ക് കീഴിലാണ്. ജൂൺ മാസം നാലിന് സ്ക്കൂൾ തുറക്കും. കഴിഞ്ഞ ദിവസം മരത്തിന്റെ ചില്ലകൾ പൊട്ടിവീണ് ഒരാൾക്ക് പരിക്കേറ്റിരുന്നു. കാലവർഷമായതിനാൽ കാറ്റിലും മഴയിലും മരത്തിന്റെ ചില്ലകൾ പൊട്ടിവീഴാൻ സാധ്യതയേറെയാണ്.
മരചില്ലകൾ റോഡിൽ അടർന്ന് വീഴുന്ന സംഭവം വില്ലേജ് വികസന സമിതിയിൽ ഉൾപ്പെടെ പലതവണ പരാതി പ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടായില്ല. തണൽ മരങ്ങളുടെ ശിഖരങ്ങൾ വെട്ടിമാറ്റി അപകടാവസ്ഥ ഒഴിവാക്കി സംരക്ഷിക്കണമെന്ന് താലൂക്ക് വികസന സമിതി അംഗം പ്രദീപ് ചോമ്പാല ആവശ്യപ്പെട്ടു.