“തച്ചന്‍കുന്നില്‍ പ്രദര്‍ശിപ്പിച്ചത് മറ്റിടങ്ങളില്‍ നിന്ന് പിടികൂടിയ നായകളെ”: പ്രതിഷേധവുമായി ഡിവൈഎഫ്ഐ – വീഡിയോ

news image
Aug 9, 2024, 6:02 am GMT+0000 payyolionline.in

പയ്യോളി: തച്ചന്‍കുന്നില്‍ വിദ്യാര്‍ഥിയൂള്‍പ്പെടെ നിരവധിപേര്‍ക്ക്  തെരുവ് നായയുടെ കടിയേറ്റ സംഭവത്തില്‍ പയ്യോളി നഗരസഭക്കെതിരെ  രൂക്ഷ വിമര്‍ശനവുമായി ഡിവൈഎഫ്ഐ. കഴിഞ്ഞ ദിവസം തച്ചന്‍കുന്നില്‍ 18 പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു. സംഭവത്തില്‍ പയ്യോളി നഗരസഭ അടിയന്തിര യോഗം ചേരുകയും നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നാട്ടുകാരെ കടിച്ച തെരുവ് നായകളെ തച്ചന്‍കുന്നില്‍ നിന്ന് പിടികൂടിയില്ലെന്നും ഇപ്പൊഴും ഇവ സ്വൈര്യ വിഹാരം നടത്തുകയാണെന്നും ഡിവൈഎഫ്ഐ തച്ചന്‍കുന്ന് യൂണിറ്റ് ആരോപിക്കുന്നു.

മറ്റിടങ്ങളില്‍ നിന്ന് പിടികൂടിയ നായകളെ തച്ചന്‍കുന്നില്‍ പ്രദര്‍ശിപ്പിച്ച് നഗരസഭ നാട്ടുകാരുടെ കണ്ണില്‍ പൊടിയിടുകയാണെന്നും ആളുകള്‍ക്ക് ഇപ്പൊഴും ഭീതി കാരണം പുറത്തിറങ്ങാന്‍  സാധിക്കാത്ത അവസ്ഥയാണെന്നും ഇവര്‍ പറയുന്നു.

തച്ചൻകുന്നിൽ വർധിച്ചു വരുന്ന തെരുവ്നായ്ക്കളുടെ അക്രമണത്തിലും, തെരുവ്നായ്ക്കളുടെ വന്ധ്യംകരണ പദ്ധതികളിലെ അനാസ്ഥയ്ക്കും, തെരുവ് വിളക്കുകൾ കൃത്യമായി പ്രകാശിപ്പിക്കാത്ത നഗരസഭയുടെ നടപടിയിലും പ്രതിഷേധിച്ചു ഡിവൈഎഫ്ഐ തച്ചൻകുന്ന് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തച്ചൻകുന്നിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

നഗരസഭ പരിധിയിലെ 16,17,18 വാർഡ് പരിധിയിൽ ഉള്ളവര്‍ക്കാണ് കഴിഞ്ഞദിവസങ്ങളിൽ തെരുവ് നായയുടെ കടിയേറ്റത്. ഇതിൽ ഒരു കുട്ടിയ്ക്ക് പ്ലാസ്റ്റിക് സർജറി ചെയ്യേണ്ട നിലയിലാണ്. ബാക്കിയുള്ളവർ ഇപ്പോഴും അക്രമത്തിന്റെ ഭീതിയിൽ നിന്ന് മുക്തരായിട്ടുമില്ല.

 

തെരുവ് വിളക്കുകൾ ഇല്ലാത്തതും തൊഴിലുറപ്പിൽ തൊഴിൽ ദിനങ്ങൾ കുറഞ്ഞതും മൂലം പല ഇടങ്ങളും കാടു മൂടികിടക്കുന്നതാണ് തെരുവ്നായ്ക്കളുടെ സൈര്യവിഹാരത്തിനു കാരണമാകുന്നതെന്നും, വിഷയത്തിൽ കൃത്യമായി ഇടപെട്ട് ജനങ്ങളുടെ ജീവന് സുരക്ഷ ഉറപ്പാക്കണമെന്നും അല്ലാത്ത പക്ഷം നഗരസഭയ്ക്ക് മുന്നിൽ ജനകീയ സമരം നടത്തുമെന്നും ഡിവൈഎഫ്ഐ നേതാക്കൾ പ്രസ്താവനയിൽ അറിയിച്ചു. ഷിബിൻ കുമാർ,അക്ഷയ് രാജ്, അഭിജിത്,ആദിഷ്,നിധിൻ എന്നിവർ പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നൽകി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe