പയ്യോളി: മുഹമ്മദ് നബിയുടെ 1446ആം ജന്മദിനത്തിന്റെ ഭാഗമായി പയ്യോളി മീലാദ് കമ്മിറ്റി സംഘടിപ്പിക്കുന്ന മീലാദ് കോൺഫറൻസും റാലിയും ഒക്ടോബർ 01ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളത്തിൽ അറിയിച്ചു.
പയ്യോളി ബീച്ച് റോഡിലുള്ള ലയൺസ് ക്ലബ്ബ് പരിസരത്ത് കെ.പി മുഹമ്മദ് മുസലിയാർ നഗറിലാണ് പരിപാടി നടക്കുന്നത്. കേരളത്തിലെ അറിയപ്പെടുന്ന സുന്നി പ്രസ്ഥാനിക രംഗത്തെ സയ്യിദുമാരും പണ്ഡിതരും പരിപാടിയിൽ പങ്കെടുക്കും. പയ്യോളി മുൻസിപ്പാലിറ്റിയിലെയും പരിസരപ്രദേശങ്ങളിലെയും മഹല്ല് ഭാരവാഹികൾ, പൊതുജനങ്ങൾ ഉൾപ്പെടെ രണ്ടായിരത്തോളം പ്രവർത്തകർ പരിപാടിയിൽ പങ്കെടുക്കും.
ഒക്ടോബർ 1 ചൊവ്വ രാവിലെ 10 മണിക്ക് അയനിക്കാട് ഇബ്രാഹിം മുസ്ലിയാർ, അബ്ദുൽ ഖാദർ മുസ്ലിയാർ, അബൂബക്കർ കുട്ടി മുസ്ലിയാർ,കെ.പി മുഹമ്മദ് മുസ്ലിയാർ തുടങ്ങിയ മഹാൻമാരുടെ ഖബർ സിയാറത്തോടെ പരിപാടികൾക്ക് തുടക്കം കുറിക്കും.
ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് നെല്യേരി മാണിക്കോത്ത് നിന്നും ആരംഭിക്കുന്ന മീലാദ് റാലിയിൽ വിവിധ മഹല്ലുകളിൽ നിന്നുള്ള നൂറുകണക്കിന് പ്രവർത്തകരും പണ്ഡിതന്മാരും അണിനിരക്കും.വിവിധ ദഫ്സംഘങ്ങളുടെ അകമ്പടി പരിപാടിക്ക് മാറ്റുകൂട്ടും. 7 മണിക്ക് നടക്കുന്ന മീലാദ് കോൺഫറൻസിൽ മഹല്ല് ഖാസി ടി.എസ് ഇബ്രാഹിം കുട്ടി മുസ്ലിയാർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും.
പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ശേഷം നടക്കുന്ന മൗലിദ് സദസ്സിൽ സയ്യിദ് ഇബ്രാഹിം ഖലീലുൽബുഖാരി നേതൃത്വം നൽകും. സി. മുഹമ്മദ് ഫൈസി, അൻവർ മുഹ് യുദ്ദീൻ ഹുദവി വിഷയം അവതരിപ്പിക്കും. .
വാർത്താസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ അബ്ദുറഹ്മാൻ മുസ്ലിയാർ, കൺവീനർ എം.സി റഷീദ്, ഖജാൻജി കെ. പി അബ്ദുൽ ഹക്കീം, കമ്മന ഉമ്മർ ഹാജി എന്നിവർ പങ്കെടുത്തു.