തിക്കോടി: തിക്കോടി ടൗണിൽ അടിപ്പാത അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സംയുക്ത സമരസമിതി നേതൃത്വത്തിൽ കഴിഞ്ഞ രണ്ട് വർഷമായി തുടരുന്ന സമരം വിജയപ്രതീക്ഷയിലേക്ക് നീങ്ങുന്നു. സെപ്തംബർ 29ന് പൊതു മാരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസിനെ കാനത്തിൽ ജമീല എം എല്‍എയുടെ നേതൃത്വത്തിൽ നേരിൽ കണ്ട് ചർച്ച നടത്തിയിരുന്നു.
പൊതു മാരാമത്ത് മന്ത്രിയുടെ സെക്രട്ടറി ഐ എ എസ് ബിജു പ്രഭാകർ , കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി വിളിച്ച യോഗത്തിൽ പങ്കെടുത്ത് ഈ വിഷയത്തെ ഗൗരവമായി അവതരിപ്പിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ തിക്കോടിയിലോ തിക്കോടി പൂവെടിത്തറയ്ക്ക് സമീപമോ ഒരു ബോക്സ് ടൈപ്പ് അണ്ടർപാസ് നിർമ്മാണം പരിഗണനയിൽ ഉൾപ്പെടുത്താൻ തീരുമാനമായതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സമരസമിതിയും രാഷ്ട്രീയ ഇടപെടലുകളും ഫലപ്രദമായതോടെ, തിക്കോടി ടൗണിലെ അടിപ്പാത സമരം വിജയത്തിലേക്ക് നീങ്ങുകയാണെന്ന് സമര സമിതിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.