പരാതി നൽകാനെത്തിയ സഹോദരങ്ങൾക്ക് മർദനം: എസ്ഐ, സ്റ്റേഷൻ ജിഡി ചാർജ് എന്നിവർക്കെതിരെ നടപടി

news image
Oct 25, 2024, 5:09 am GMT+0000 payyolionline.in

കോഴിക്കോട് ∙ പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയ സഹോദരങ്ങളെ സ്റ്റേഷനിലെ പൊലീസുകാർ മർദിച്ചെന്ന പരാതിയിൽ പന്നിയങ്കര എസ്ഐ, സ്റ്റേഷൻ ജിഡി ചാർജ് എന്നിവർക്കെതിരെ നടപടി. ഇരുവരെയും തീവ്ര പരിശീലനത്തിനായി കോഴിക്കോട് ഡിഎച്ച്ക്യു സെന്ററിലേക്കു മാറ്റി. കഴിഞ്ഞ 7ന് ആണ് സംഭവം. വേങ്ങേരി സ്വദേശികളായ കാർ യാത്രക്കാർ കെ.പി.സെയ്ത് മുഹമ്മദ് മുസ്തഫ, കെ.പി.മുഹമ്മദ് മുനീഫ് എന്നിവർ പന്നിയങ്കര സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയപ്പോഴായിരുന്നു പൊലീസ് മർദനം.

 

 

 

യുവാക്കൾ സിറ്റി പൊലീസ് കമ്മിഷണർ ടി.നാരായണനു നൽകിയ പരാതി കൂടുതൽ അന്വേഷണം നടത്താൻ അസിസ്റ്റന്റ് കമ്മിഷണർ എ.എം.സിദ്ദിഖിനു കൈമാറിയിരുന്നു. കഴിഞ്ഞ ദിവസം അന്വേഷണ റിപ്പോർട്ട് കമ്മിഷണർക്കു നൽകി. ഇന്നലെയാണ് നടപടിയെടുത്തത്. എസ്ഐ സുഭാഷ്, സീനിയർ സിവിൽ ഓഫിസറും ജിഡി ചാർജുമായ പത്മരാജൻ എന്നിവരെയാണ് മാറ്റിയത്. ഇരുവരുടെയും ഡിഎച്ച്ക്യു പരിശീലനം പൂർത്തിയാക്കുന്നതോടെ സ്ഥലം മാറ്റം ഉണ്ടാകുമെന്നാണ് അറിയുന്നത്.

കല്ലായി റോഡിൽ റെയിൽവേ സ്റ്റേഷനു സമീപം പരാതിക്കാർ സഞ്ചരിച്ച കാറിനു മുന്നിൽ ബൈക്കിലെത്തിയ മറ്റു രണ്ടു യുവാക്കൾ തടസ്സം നിർത്തിയതാണ് സംഭവങ്ങളുടെ തുടക്കം. റോഡിൽ കയ്യാങ്കളി ആയതോടെ അതുവഴി പോയ ട്രാഫിക് പൊലീസ് യുവാക്കളോടു തൊട്ടടുത്ത പന്നിയങ്കര പൊലീസിൽ എത്താൻ ആവശ്യപ്പെട്ടു. തുടർന്നു കെ.പി.സെയ്ത് മുഹമ്മദ് മുസ്തഫ, കെ.പി.മുഹമ്മദ് മുനീഫ് എന്നിവർ പന്നിയങ്കര സ്റ്റേഷനിലെത്തി പരാതി നൽകി.

യുവാക്കളുടെ പരാതി അന്വേഷിച്ച എസ്ഐ, ജിഡി ചാർജ് പരാതിയിൽ കഴമ്പില്ലെന്ന നിഗമനത്തിലാണ് എത്തിയത്. ഇക്കാര്യം പരാതിക്കാരനെ അറിയിക്കുന്നതിനു പകരം പരാതിക്കാരനെ സ്റ്റേഷനു പുറത്തുള്ള പൊലീസുകാരെക്കൊണ്ടു പിടികൂടി മർദിക്കുകയായിരുന്നു. പൊലീസുകാർ കൂട്ടം ചേർന്നു യുവാവിനെ പിടികൂടുന്ന വിഡിയോ സമൂഹമാധ്യമത്തിലൂടെ പ്രചരിച്ചിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe