അബുദാബി : ഇന്നലെ രാത്രി നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 46 കോടിയോളം രൂപ ( 20 ദശലക്ഷം ദിർഹം) സമ്മാനം ലഭിച്ച പത്തംഗ മലയാളി സംഘത്തിലൊരാളെ ഭാഗ്യം തേടിയെത്തിയത് വിവാഹത്തിന് തൊട്ടുമുൻപ്. മലയാളിയായ പ്രിൻസ് കോലശ്ശേരി സെബാസ്റ്റ്യ(34)നോടൊപ്പം സ്‌കൂളിൽ ജോലി ചെയ്യുന്നവരാണ് ടിക്കറ്റിന്റെ പങ്കാളികൾ. ഇവരിലൊരാളുടെ വിവാഹം വെള്ളിയാഴ്ച നടക്കാനിരിക്കുകയാണ്. സംഘത്തിൽ ഒരു തമിഴ്നാട് സ്വദേശി ഒഴിച്ച് ബാക്കിയെല്ലാവരും മലയാളികളാണ്.
തന്റെ വിജയത്തെക്കുറിച്ച് സുഹൃത്തുക്കളിൽ നിന്നാണ് ആദ്യം കേട്ടതെന്ന് പ്രിൻസ് പറഞ്ഞു. എങ്കിലും കേട്ടപാടെ വിശ്വസിച്ചില്ല. ഷോ അവതാരകരായ റിച്ചാർഡിൽ നിന്നും ബൗച്രയിൽ നിന്നും ഫോൺ കോൾ ലഭിച്ചപ്പോഴാണ് ഉറപ്പിച്ചത്. എട്ട് വർഷമായി ഷാർജയിൽ താമസിക്കുന്ന ഫെസിലിറ്റി എൻജിനീയർ കൂടിയായ പ്രിൻസ് ഒക്‌ടോബർ 4-നാണ് ഭാഗ്യം കൊണ്ടുവന്ന 197281 എന്ന നമ്പറിലുള്ള ടിക്കറ്റ് വാങ്ങിയത്. സമ്മാനത്തുക തന്റെ പത്ത് സഹപ്രവർത്തകരുമായി പങ്കിടുമെന്ന് അറിയിച്ചു.
അതേസമയം, കോടികൾ സമ്മാനം ലഭിച്ചിട്ടും പ്രിൻസും കൂട്ടുകാരും ഇന്നും സ്കൂളിൽ ജോലിക്കെത്തിയിരുന്നു. നോളജ് ആൻഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോറിറ്റി (കെഎച്‍ഡിഎ) പരിശോധന നടക്കുന്നതാണ് ഇതിന് പ്രധാന കാരണം. ഇതുമൂലം രാവിലെ എല്ലാവർക്കും പരസ്പരം കാണാൻ സാധിച്ചില്ല. എന്നാൽ പ്രിൻസിന്റെ താമസ സ്ഥലത്തിനടുത്ത് താമസിക്കുന്ന ഇവരിൽ ചിലർ ഇന്നലെ രാത്രി തന്നെ നേരിൽക്കണ്ട് സന്തോഷം പങ്കിട്ടു. വിവാഹം നിശ്ചയിച്ചിട്ടുള്ളയാൾ ഉൾപ്പെടെ ചിലർ അവധിയിലാണ്. നവവരന്റെ പെൺകുട്ടിയാണ് ഭാഗ്യം കൊണ്ടുവന്നതെന്ന് രണ്ടുകുട്ടികളുടെ പിതാവായ പ്രിൻസ് പറഞ്ഞു. സമ്മാനത്തുക എന്തു ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ല. കുടുംബവുമായി കൂടിയാലോചിച്ച ശേഷമേ എന്തെങ്കിലും തീരുനമെടുക്കുകയുള്ളൂ.