പയ്യോളി: കഷ്ടിച്ച് ഒരു വാഹനത്തിന് മാത്രം കടന്നു പോകാന്‍ വീതിയുള്ള സര്‍വ്വീസ് റോഡിലൂടെ ഗതാഗതത്തിനായി തുറന്ന് കൊടുത്തതോടെ കാല്‍നട യാത്രക്കാര്‍ ഭീതിയിലായി. ദേശീയപാതയില്‍ ഇരിങ്ങല്‍ ടൌണിനും കളരിപ്പടിക്കും ഇടയിലാണ് സര്‍വ്വീസ് റോഡ് വീതി കുറഞ്ഞത് കാരണം കാല്‍നട യാത്രക്കാര്‍ ഭീതിയിലായത്. വെങ്ങളം – അഴിയൂര്‍ റീച്ചില്‍ ഡ്രെയ്നേജ് ഉള്‍പ്പെടെ ഏഴര മീറ്റര്‍ മാത്രമാണ് പലയിടത്തും സര്‍വ്വീസ് റോഡിന്റെ വീതി. സര്‍വ്വീസ് റോഡ് ടു വേ ആണെന്നാണ് ദേശീയപാത അതോറിറ്റിയും ജില്ല കളക്ടറും ഉള്‍പ്പെടെയുള്ളവര്‍ പല തവണ വ്യക്തമാക്കിയത്. എന്നാല്‍ അഞ്ച് മീറ്റര്‍ മാത്രമുള്ള ഇരിങ്ങല്‍ – കളരിപ്പടി സര്‍വ്വീസ് റോഡില്‍ കാല്‍നട യാത്രപോലും സാധിക്കാത്ത അവസ്ഥയിലാണ്.
സ്ഥലമെടുപ്പില്‍ ഉണ്ടായ അപാകതയാണ് വീതി കുറവിന് കാരണമായി നേരത്തെ പറഞ്ഞത്. എന്നാല്‍ പിന്നീട് സമീപത്തെ സ്ഥലങ്ങള്‍ അക്വയര്‍ ചെയ്ത് പ്രശ്നം പരിഹരിച്ചെന്നു അധികൃതര്‍ പറഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ ഈ റോഡ് തുറന്ന് കൊടുത്തത്. ഇതോടെയാണ് ഇത് വഴിയുള്ള കാല്‍നട യാത്രക്കാര്‍ ഭീതിയിലായത്. സമീപത്തെ സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇത് വഴി എങ്ങനെ ഭീതി കൂടാതെ പോകുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.