പയ്യോളി റെയില്‍വേ ഗേറ്റില്‍ അപകടം പതിയിരിക്കുന്നു; ട്രെയിന്‍ പോകുമ്പോള്‍ ആളുകള്‍ ഗേറ്റിനും പാളത്തിനും ഇടയില്‍ നില്‍ക്കേണ്ടിവരുന്നു

news image
Jan 22, 2025, 10:50 am GMT+0000 payyolionline.in

പയ്യോളി: പയ്യോളി റെയില്‍വേ ഗേറ്റില്‍ അപകടം പതിയിരിക്കുന്നതായി നാട്ടുകാര്‍. പയ്യോളിയില്‍ നിര്‍ത്തുന്ന ട്രെയിനില്‍ നിന്നു ഇറങ്ങി യാത്രക്കാര്‍ ടൌണിലേക്ക് കടക്കുന്നതിനിടെ കോഴിക്കോട് ഭാഗത്തേക്ക് മറ്റൊരു ട്രെയിന്‍ അതേ സമയം കടന്നുപോവുന്നതാണ് അപകട ഭീഷണി ഉയര്‍ത്തുന്നത്. വൈകുന്നേരം 6:05 ന് പയ്യോളി എത്തുന്ന ഷൊര്‍ണൂര്‍ – കണ്ണൂര്‍ സ്പെഷ്യല്‍ ട്രെയിന്‍ ഇറങ്ങുന്ന യാത്രക്കാരാണ് ഇത് അധികവും നേരിടേണ്ടി വരുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് സര്‍വ്വീസ് ആരംഭിച്ച ഷൊര്‍ണ്ണൂര്‍ – കണ്ണൂര്‍ സ്പെഷ്യല്‍ ട്രെയിനില്‍ സ്ഥിരം യാത്രക്കാര്‍ ഉള്‍പ്പെടെ  നൂറുകണക്കിന്പേരാണ് പയ്യോളി വന്നിറങ്ങുന്നത്. ഇവരില്‍ ഭൂരിഭാഗവും ടൌണിലും ബസ്സ്റ്റാണ്ടിലും വരേണ്ടവരായിരിക്കും. ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് റെയില്‍വേ സ്റ്റേഷന്‍ റോഡ് വഴിയുള്ള യാത്ര ദുഷ്കരമായതിനാല്‍ മിക്കവരും ബീച്ച് റോഡ് വഴിയാണ് ടൌണില്‍ എത്താന്‍ ശ്രമിക്കാറുള്ളത്.  ഏതാണ്ട് ഇതേ സമയത്താണ് തിരുവനന്തപുരം എക്സ്പ്രെസ് പയ്യോളി വഴി കടന്ന് പോവുന്നത്.

 

 

 

ട്രെയിന്‍ കടന്ന് പോകുമ്പോള്‍ പയ്യോളി ബീച്ച് റോഡിലെ റെയില്‍വേ ഗേറ്റിനും ട്രാക്കിനും ഇടയില്‍ കുടുങ്ങുന്ന യാത്രക്കാര്‍ (വീഡിയോയില്‍ നിന്നെടുത്തത്.)

 

 

തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രെയിന്‍ കൂടി കടന്ന് പോയാലേ ഗെയ്റ്റ് തുറക്കുകയുള്ളൂ.  യാത്രക്കാരുടെ ബാഹുല്യം കാരണം അടച്ചിട്ട റെയില്‍വേ ഗെയ്റ്റിന്റെ അരികിലുള്ള വഴിയിലൂടെ മുഴുവന്‍ പേര്‍ക്കും വേഗത്തില്‍ അപ്പുറത്തെത്താന്‍ സാധിക്കാറില്ല. രണ്ടാമത്തെ ട്രെയിന്‍ വരുന്ന സമയത്ത് കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ നിരവധി യാത്രക്കാര്‍ റെയില്‍വേ ഗേറ്റിനും ട്രാക്കിനും ഇടയിലായി നില്‍ക്കേണ്ടി വരുന്നത് അപകട ഭീഷണി ഉയര്‍ത്തുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രെയിന്‍ നിര്‍ത്താതെ ഹോണ്‍ മുഴക്കിയാണ് ആളുകളെ മാറ്റുന്നത്. ഇതിന് കൃത്യമായ പരിഹാരം കണ്ടില്ലെങ്കില്‍ ആരുടെയെങ്കിലും ജീവന്‍ നഷ്ടപ്പെടുമെന്ന ഭീതിയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. റെയില്‍വേ പ്ലാറ്റ് ഫോമിലേക്ക് പതിറ്റാണ്ടുകളായി ഉണ്ടായിരുന്ന വഴി സുരക്ഷാ കാരണം പറഞ്ഞ് റെയില്‍വേ അടച്ചതോടെയാണ് ഈ പ്രശ്നം ഉടലെടുത്തത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe