കോട്ടയം: ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശത്തിന്റെ പേരിൽ അറസ്റ്റ് ഒഴിവാക്കാനായി പി.സി. ജോർജ് രഹസ്യ കേന്ദ്രത്തിലേക്ക് മാറിയതായി സൂചന. പി.സി. ജോർജിന് നോട്ടീസ് നൽകാൻ ഈരാട്ടുപേട്ട പൊലീസ് വീട്ടിലെത്തിയെങ്കിലും നേരിട്ട് നൽകാൻ സാധിച്ചില്ല.പൊലീസ് രണ്ടുതവണ വീട്ടിലെത്തിയെങ്കിലും ജോർജിനെ കാണാനായില്ല. അദ്ദേഹം വീട്ടിൽ ഇല്ലെന്നായിരുന്നു കുടുംബാംഗങ്ങളുടെ പ്രതികരണം. അതിനിടെ, ജോർജിന്റെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ ഈരാട്ടുപേട്ട പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.
വിദ്വേഷ പരാമര്‍ശത്തിൽ ഹൈക്കോടതി മുൻകൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ജോർജിനെ അറസ്റ്റ് ചെയ്യാൻ ഡി.ജി.പി നിര്‍ദേശം നൽകിയിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലായിരുന്നു തീരുമാനം.
മുസ്ലിംകളെല്ലാം തീവ്രവാദികളാണെന്നും എല്ലാ മുസ്ലിംകളും പാകിസ്താനിലേക്ക് പോകണമെന്നുമായിരുന്നു ചാനൽ ചർച്ചക്കിടെ പി.സി. ജോർജ് പറഞ്ഞത്. ഈ പരാമർശം സാമുദായിക സ്പർധയുണ്ടാക്കുന്നതാണെന്ന് പരക്കെ വിമർശനമുയർന്നു. പരാമർശത്തിനെതിരെ യൂത്ത് ലീഗ് നൽകിയ പരാതിയിലാണ് ഈരാട്ടു പേട്ട പൊലീസ് ജോർജിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.
കോട്ടയം അഡീഷനൽ സെഷൻസ് കോടതിയും പി.സി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. 74 വയസ്സായെന്നും 30 വർഷമായി ജനപ്രതിനിധിയായിരുന്നുവെന്നും മുൻകൂർ ജാമ്യഹരജിയിൽ പി.സി ജോർജ് ചൂണ്ടിക്കാട്ടിയിരുന്നു.
സൗഹാർദം തകർക്കുംവിധം മതത്തിന്‍റെയോ വർണത്തിന്‍റെയോ വർഗത്തിന്‍റെയോ ജന്മസ്ഥലത്തിന്‍റെയോ ഭാഷയുടെയോ പേരിൽ വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കൽ, മതത്തെയും മതവിശ്വാസങ്ങളെയും അപകീർത്തിപ്പെടുത്തുന്നതിലൂടെ മതവികാരം വ്രണപ്പെടുത്താനുള്ള ബോധപൂർവമുള്ള പ്രവൃത്തി എന്നീ കുറ്റങ്ങളാണ് ഹരജിക്കാരനെതിരെയുള്ളതെന്ന് പി.സി. ജോർജിന്റെ മുൻകൂർ ജാമ്യഹരജി തള്ളി ഹൈകോടതി നിരീക്ഷിച്ചു.