താമരശ്ശേരിയിലെ വിദ്യാർത്ഥി സംഘർഷം; ‘കൂട്ടത്തല്ലിൽ മരിച്ചു കഴിഞ്ഞാൽ പ്രശ്നമില്ല, പോലീസ് കേസെടുക്കില്ല’; വിദ്യാർത്ഥികളുടെ ചാറ്റ് പുറത്ത്

news image
Mar 1, 2025, 3:47 am GMT+0000 payyolionline.in

കോഴിക്കോട് താമരശ്ശേരിയിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ പത്താം ക്ലാസുകാരൻ മരിച്ച സംഭവത്തിൽ ആക്രമിച്ച വിദ്യാർഥികളുടെ ഇൻസ്റ്റഗ്രാം ഗ്രൂപ്പ് ചാറ്റ് പുറത്ത് വന്നു. അക്രമിസംഘത്തിൽപ്പെട്ടവർ പരസ്പരം സംസാരിക്കുന്ന ശബ്ദ സന്ദേശങ്ങളാണ് പുറത്തു വന്നത്. “ഷഹബാസിനെ കൊല്ലുമെന്ന പറഞ്ഞാൽ കൊന്നിരിക്കും” എന്ന് ചാറ്റിൽ പറയുന്നു.

 

കൂട്ടത്തല്ലിൽ മരിച്ചു കഴിഞ്ഞാൽ പ്രശ്നമില്ലെന്നും കേസെടുക്കില്ല പോലീസ് എന്നും ഗ്രൂപ്പ് ചാറ്റിൽ പറയുന്നു. “ഷഹബാസിനെ കൊല്ലുമെന്ന പറഞ്ഞാൽ കൊന്നിരിക്കും” എന്നും ചാറ്റിൽ പറയുന്നു. ഷഹബാസിന്റെ കണ്ണൊന്ന് പോയി എന്നും ചാറ്റിൽ വിദ്യാർത്ഥികൾ പരസ്പരം പറയുന്നുണ്ട്. ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ മർദനം എന്ന ഷഹബാസിൻ്റെ പിതാവിൻ്റെ ആരോപണം ശരി വയ്ക്കുന്നതാണ് പുറത്തുവന്ന ശബ്ദ സന്ദേശം. എംജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ വാട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം ഗ്രൂപ്പ് ഉണ്ടാക്കി. ഇത് വഴിയാണ് സംഘർഷം ആസൂത്രണം ചെയ്തിരുന്നത്.

 

അഞ്ച് വിദ്യാർത്ഥികളെയാണ് പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്ത്. കൂടുതൽ‌ പേരെ സംഭവത്തിൽ കസ്റ്റഡിയിലെടുക്കും. മുഹമ്മദ് ഷഹബാസിനെ മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഗുരുതരമായി പരുക്കേറ്റ മുഹമ്മദ് ഷഹബാസ് ഇന്നലെ രാത്രി 12.30ഓടെയാണ് മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു മുഹമ്മദ് ഷഹബാസ്. തലച്ചോറിന് 70% ക്ഷതം ഏറ്റ കുട്ടി കോമയിലായിരുന്നു.

 

മൂന്ന് തവണയാണ് വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം ഉണ്ടായത്. ഇതിൽ ആദ്യത്തെ സ്ഥലത്ത് വെച്ച് നടന്ന സംഘർഷത്തിലാണ് മുഹമ്മദ് ഷഹബാസിന് ക്രൂരമായി മർദനമേറ്റത്. വട്ടം ചേർന്ന് മർദിക്കുകയായിരുന്നു. വിദ്യാർത്ഥികളുടെ പക്കൽ ആയുധങ്ങൾ ഉണ്ടായിരുന്നു. നഞ്ചക്ക്, ഇടിവള പോലുള്ള ആയുധങ്ങളുമായെത്തിയായിരുന്നു മർദനം. കസ്റ്റഡിയിലുള്ള അ‍ഞ്ച് വിദ്യാർത്ഥികളിൽ മൂന്ന് പേർ നേരത്തെ ചില കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നവരായിരുന്നുവെന്ന് പൊലീസ് പറയുന്നു.

 

ട്യൂഷൻ സെന്ററിലെ ഫെയർവെൽ പാർട്ടിക്കിടെ ആയിരുന്നു സംഘർഷമുണ്ടായത്. ട്യൂഷൻ സെന്ററിൽ ഫെയർവെൽ പാർട്ടിക്കിടെ കൂകി വിളിച്ചതിന് പ്രതികാരം ചെയ്യാൻ ആണ് എം ജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ ഒന്നിച്ചത്. ഞായറാഴ്ച ആണ് ഫെയർവെൽ പാർട്ടി നടന്നത്. പാർട്ടിയിൽ എളേറ്റിൽ വട്ടോളി എം ജെ ഹയർ സെക്കൻഡറി വിദ്യാർഥികൾ കപ്പിൾ ഡാൻസ് കളിച്ചു. കളിക്കിടെ പാട്ട് നിന്നതിനെ തുടർന്ന് താമരശേരി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ കൂവി വിളിച്ചു. ഇതിന് പ്രതികാരം ചെയ്യനായിരുന്നു ക്രൂര മർദനം നടന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe