റമദാനിൽ ദുബൈയിൽ ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക്ക് വിലക്കി

news image
Mar 5, 2025, 12:49 pm GMT+0000 payyolionline.in

ദുബൈ: റമദാനിൽ ദുബൈയിൽ ഇഫ്താർ സമയത്ത് ഒറ്റ തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പാത്രങ്ങളും ടേബിൾവെയറുകളുടെയും ഉപയോഗം ഒഴിവാക്കാൻ താമസക്കാരോട് ദുബൈ മുനിസിപ്പാലിറ്റി. സുസ്ഥിരതയും പരിസ്ഥിതി സംരക്ഷണ അവബോധവും പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഇത്. റമദാനിൽ ദിനചര്യകളിൽ ചെറുതും എന്നാൽ ഫലപ്രദവുമായ മാറ്റങ്ങൾ വരുത്തണമെന്ന് പൗരസമിതി നിവാസികളോട് അഭ്യർത്ഥിക്കുന്നത്.

“നമ്മുടെ തിരഞ്ഞെടുപ്പുകളെക്കുറിച്ച് ചിന്തിക്കാൻ ഏറ്റവും അനുയോജ്യമായ സമയമാണ് റമദാൻ” എന്ന് സമൂഹ മാധ്യമ പോസ്റ്റിൽ വ്യക്തമാക്കിയ പൗരസമിതി “സുസ്ഥിരതയിൽ വലിയ സ്വാധീനം ചെലുത്തുന്നതിനായി ചെറിയ മാറ്റങ്ങൾ വരുത്തുന്നതിനുള്ള” ടിപ്സുകൾ നൽകുകയും ചെയ്തു.

ഈ വർഷത്തെ റമദാനിൽ സുസ്ഥിരത കൈവരിക്കുന്നതിനായി മുനിസിപാലിറ്റിയുടെ മുഖ്യ ശുപാർശകളിലൊന്നാണ് ഇഫ്താർ സമയത്ത് സിം​ഗിൾ യൂസ് പ്ലാസ്റ്റിക് പാത്രങ്ങളും ടേബിൾവെയറുകളും ഉപയോഗിക്കുന്നത് ഒഴിവാക്കുക എന്നത്. വലിയ ഇഫ്താർ സംഗമങ്ങളിൽ സിം​ഗിൾ യൂസ് പ്ലാസ്റ്റിക് പാത്രങ്ങൾ കൂടുതലായി ഉപയോഗിക്കപ്പെടുന്നതിനാൽ, അവയെ ആശ്രയിക്കുന്നത് കുറയ്ക്കാനും പുനരുപയോഗിക്കാവുന്ന ടേബിൾവെയർ തിരഞ്ഞെടുക്കാനും മുനിസിപ്പാലിറ്റി താമസക്കാരോട് നിർദേശിച്ചു.

പുനരുപയോഗിക്കാവുന്ന ബദലുകൾ തിരഞ്ഞെടുക്കുന്നത് വഴി നഗരത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറയ്ക്കുന്നതിനായി സംഭാവന നൽകാൻ താമസക്കാർക്ക് കഴിയും.

2024 ജനുവരി ഒന്നിന് സിം​ഗിൾ യൂസ് പ്ലാസ്റ്റിക് ബാഗുകൾക്ക് യു.എ.ഇ നിരോധനം ഏർപ്പെടുത്തിയിരുന്നു. പിന്നീട് 2024 ജൂൺ ഒന്ന് മുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന എല്ലാ ബാഗുകൾക്കും സമ്പൂർണ നിരോധനം ഏർപ്പെടുത്തി. സിം​ഗിൾ യൂസ് ഉൽപന്നങ്ങളുടെ ഘട്ടം ഘട്ടമായുള്ള നിർത്തലാക്കലിന്റെ ചുമതല വഹിക്കുന്ന ദുബൈ മുനിസിപാലിറ്റിയാണ് ഇത് നടപ്പിലാക്കിയത്.

2025 ജനുവരി ഒന്ന് മുതൽ പ്ലാസ്റ്റിക് സ്റ്റിററുകൾ, സ്റ്റൈറോഫോം കപ്പുകൾ, ഭക്ഷണ പാത്രങ്ങൾ, പ്ലാസ്റ്റിക് ടേബിൾ കവറുകൾ, പ്ലാസ്റ്റിക് കോട്ടൺ സ്വാബുകൾ, പ്ലാസ്റ്റിക് സ്ട്രോകൾ തുടങ്ങിയവ നിരോധിക്കാനും, 2026 ജനുവരി ഒന്ന് മുതൽ സിം​ഗിൾ യൂസ് പ്ലാസ്റ്റിക് കപ്പുകൾ, മൂടികൾ, പ്ലാസ്റ്റിക് കട്ട്ലറി, പ്ലാസ്റ്റിക് ഭക്ഷണ പാത്രങ്ങൾ, പ്ലാസ്റ്റിക് പ്ലേറ്റുകൾ എന്നിവ നിരോധിക്കാനും നഗരസഭ തീരുമാനിച്ചിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe