പയ്യോളി : അയനിക്കാട് റിക്രിയേഷൻ സെൻറർ വായനശാല പുന:നിർമാണ ഫണ്ടിനായി നടത്തിയ കുഴിമന്തി ചാലഞ്ച് ശ്രദ്ധേയമായി . ദേശീയപാത വികസനത്തിന്റെ ഭാഗമായി പൊളിച്ചു മാറ്റപ്പെട്ട അയനിക്കാട് പോസ്റ്റ് ഓഫീസിന് സമീപമുണ്ടായിരുന്ന റിക്രിയേഷൻ സെൻറർ ആൻഡ് വായനശാല കെട്ടിടം കഴിഞ്ഞ നാലു വർഷമായി താൽക്കാലിക കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്. എന്നാൽ കെട്ടിടത്തിന്റെ നഷ്ടപരിഹാരമായി സർക്കാറിൽ നിന്നും ലഭിച്ച പതിനൊന്ന് ലക്ഷത്തോളം രൂപ വായനശാലയുടെ പുന:നിർമ്മാണത്തിന് മാറ്റിവെച്ചെങ്കിലും , സർക്കാർ നിശ്ചയിച്ച വില മാത്രമെ ഭൂമി വാങ്ങിക്കാൻ നഗരസഭക്ക് ചെലവഴിക്കാൻ കഴിയുകയുള്ളൂ. ഈയൊരു പ്രതിസന്ധിക്ക് പോംവഴി കാണാൻ നഗരസഭ ഇടപെട്ട് എട്ടാം വാർഡ് കൗൺസിലർ കെ. ടി. വിനോദ് ചെയർമാനും , റഷീദ് പാലേരി കൺവീനറുമായ സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭൂമി രജിസ്റ്റർ ചെയ്യാൻ മുൻകൈയെടുക്കുകയും , ബാക്കി വരുന്ന തുക ജനകീയ സമാഹരണത്തിലൂടെ കണ്ടെത്തുന്നതിനായി കുഴിമന്തി ചാലഞ്ച് നടത്തുകയുമായിരുന്നു.
ഭൂമി വാങ്ങാൻ 3.10 ലക്ഷം രൂപയാണ് കുറവ് വന്നിരുന്നത്. ഇനി നഷ്ടപരിഹാരമായി ലഭിച്ച ബാക്കി തുകയും, നഗരസഭ ഫണ്ടും അനുവദിച്ചാൽ വായനശാല പുന:നിർമാണം യാഥാർത്ഥ്യമാവും. അയനിക്കാട് അയ്യപ്പൻകാവ് യു.പി. സ്കൂളിൽ നടന്ന പരിപാടി കൗൺസിലർ കെ.ടി.വിനോദ് വായനശാല ഭാരവാഹികൾക്ക് കുഴിമന്തി പാക്കറ്റുകൾ കൈമാറി ഉദ്ഘാടനം ചെയ്തു . വായനശാല സെക്രട്ടറി പ്രഭാകരൻ മരുത്യാട്ട് , റഷീദ് പാലേരി, പ്രകാശൻ കൂവിൽ, കെ. പി. എ. വഹാബ് , രാമചന്ദ്രൻ എളോടി , ലത്തീഫ് അരിങ്ങേരി , കെ. പി. വിനോദൻ , സനൂപ് കോമത്ത് , പ്രമോദ് കുറൂളി , പി . മോഹനൻ , വി .കെ . അനീഷ് , വിജി മാസ്റ്റർ, എം. കെ. ഷിബു തുടങ്ങിയവർ നേതൃത്വം നൽകി.