‘തലയ്ക്കടിച്ചു വീഴ്ത്തി, കയ്യിലുള്ളതെല്ലാം കവർന്നു’; ഷാർജയിൽ ജോലി കഴിഞ്ഞ് മടങ്ങിയ മലയാളിക്ക് നേരെ ആക്രമണം

news image
Jul 12, 2025, 11:53 am GMT+0000 payyolionline.in

ഷാർജ: ഷാർജയിൽ മലയാളിയെ രാത്രിയിൽ ഇരുട്ടിന്റെ മറവിൽ ആക്രമിച്ച ശേഷം മൊബൈൽ ഫോണുകൾ കവർച്ച ചെയ്തു. കഴിഞ്ഞ ദിവസം അൽ ജുബൈലിനടുത്ത് കോർണിഷിലായിരുന്നു സംഭവം. ഷാർജയിൽ ഡ്രൈവറായ മലപ്പുറം കാക്കഞ്ചേരി സ്വദേശി ബഷീറാ(47)ണ് അക്രമത്തിനും കവർച്ചയ്ക്കും ഇരയായത്. പതിവുപോലെ രാത്രി 12 മണിയോടെ ജോലി കഴിഞ്ഞ് കോർണിഷിനടുത്തെ കച്ച(ഒഴിഞ്ഞ സ്ഥലം) പാർക്കിങ്ങിൽ കാർ പാർക്ക് ചെയ്ത് താമസ സ്ഥലത്തേക്ക് നടക്കുമ്പോൾ ഇരുട്ടിൽ വാഹനങ്ങൾക്ക് മറവിൽ ഒളിച്ചിരുന്ന മൂന്നംഗ സംഘമാണ് തന്നെ അക്രമിച്ചതെന്ന് ബഷീർ ഷാർജ പൊലീസിൽ പരാതിപ്പെട്ടു. കൂർത്തയായിരുന്നു മൂന്ന് പേരും ധരിച്ചിരുന്നത്.

ഇവർ പെട്ടെന്ന് മുന്നിലേക്കു ചാടി വീഴുകയും ഒരാൾ ബഷീറിന്റെ തലയ്ക്ക് ശക്തമായി ഇടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ താഴേക്കുവീണ വീണ ബഷീറിന്റെ നിലവിളി പുറത്ത് കേൾക്കാതിരിക്കാൻ രണ്ടാമൻ വായ പൊത്തിപ്പിടിക്കുകയും മൂന്നാമത്തെ പ്രതി കയ്യിലുണ്ടായിരുന്ന രണ്ട് മൊബൈൽ ഫോണുകൾ കൈവശപ്പെടുത്തുകയുമായിരുന്നു. പണം ആവശ്യപ്പെടുകയും പാന്റ്സിന്റെ കീശയിൽ നിന്ന് പേഴ്സ് എടുക്കാൻ ശ്രമിക്കുകയും ചെയ്തപ്പോഴേയ്ക്കും അവിടെ പാർക്ക് ചെയ്യാൻ മറ്റൊരു കാർ എത്തിയപ്പോൾ അക്രമികൾ ബഷീറിനെ ഉപേക്ഷിച്ച് രക്ഷപ്പെടുകയയായിരുന്നു.

കാറിലെത്തിയ ആൾ കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കുകയും ബഷീറിനെ ആശ്വസിപ്പിച്ച് അൽ ഗർബ് പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി പരാതി നൽകുകയും ചെയ്തു. സംഭവ സ്ഥലം സന്ദർശിച്ച പൊലീസ് പ്രതികൾക്ക് വേണ്ടി അന്വേഷണം തുടരുന്നു. വിലകൂടിയ സാംസങ് മൊബൈൽ ഫോണുകളാണ് പ്രതികൾ കവർന്നത്. ഇതിലൊന്ന് പുതിയതാണ്. രണ്ടിനും കൂടി രണ്ടായിരത്തോളം ദിർഹം വിലവരും. വർഷങ്ങളായി ഇവിടെ തന്നെയാണ് താൻ കാർ പാർക്ക് ചെയ്തിരുന്നതെന്നും ഇത് ആദ്യത്തെ ദുരനുഭവമാണെന്നും ബഷീർ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe