ദുബായ്: എമിറേറ്റ്സ് വിമാനങ്ങളിൽ പവർ ബാങ്കുകൾ കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് പുതിയതും കൂടുതൽ കർശനവുമായ നിയമങ്ങൾ 2025 ഒക്ടോബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരും. വിമാനത്തിനുള്ളിൽ പവർ ബാങ്കുകൾ ഉപയോഗിക്കുന്നത് പൂർണമായും നിരോധിച്ചുകൊണ്ടുള്ള തീരുമാനമാണ് ഏറ്റവും ശ്രദ്ധേയം.
സാധാരണയായി വിമാന യാത്രയ്ക്കിടയിൽ മൊബൈൽ ഫോണുകൾ, ടാബ്ലെറ്റുകൾ, ലാപ്ടോപ്പുകൾ തുടങ്ങിയ ഉപകരണങ്ങൾ ചാർജ് ചെയ്യാൻ യാത്രക്കാർ പവർ ബാങ്കുകളെ ആശ്രയിക്കാറുണ്ട്. എന്നാൽ വിമാനങ്ങളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ടാണ് ഈ പുതിയ നിയമങ്ങൾ കൊണ്ടുവരുന്നത്. ലിഥിയം-അയൺ ബാറ്ററികൾക്ക് തീപിടിക്കുന്നതുൾപ്പെടെയുള്ള സുരക്ഷാ ഭീഷണികൾ സമീപകാലത്ത് വർധിച്ചുവരുന്നതിനാലാണ് ഈ കർശന നടപടി. ബാറ്ററിക്ക് കേടുപാടുകൾ സംഭവിക്കുകയോ അമിതമായി ചാർജ് ചെയ്യുകയോ ചെയ്താൽ, ‘തെർമൽ റൺഎവേ’ എന്ന പ്രതിഭാസം കാരണം ബാറ്ററി അമിതമായി ചൂടാവുകയും തീയോ സ്ഫോടനമോ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് എമിറേറ്റ്സ് ചൂണ്ടിക്കാട്ടി. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിയമങ്ങൾ ഏർപ്പെടുത്തുന്നത്.
∙ പുതിയ നിയമങ്ങൾ എന്തൊക്കെയാണെന്നറിയാം
വിമാനത്തിനുള്ളിൽ വെച്ച് പവർ ബാങ്ക് ഉപയോഗിച്ച് നിങ്ങളുടെ ഒരു ഉപകരണവും ചാർജ് ചെയ്യാനോ, അല്ലെങ്കിൽ വിമാനത്തിലെ ചാർജിങ് പോർട്ടുകൾ ഉപയോഗിച്ച് പവർ ബാങ്ക് ചാർജ് ചെയ്യാനോ പാടില്ല.
കൈവശം വയ്ക്കേണ്ട രീതി: ഒരു യാത്രക്കാരന് പരമാവധി ഒരു പവർ ബാങ്ക് മാത്രമേ കൈവശം വെക്കാൻ പാടുള്ളൂ. ഇത് എപ്പോഴും ഹാൻഡ് ബാഗേജിൽ മാത്രം സൂക്ഷിക്കണം; ചെക്ക്-ഇൻ ബാഗേജിൽ കർശനമായി നിരോധിച്ചിട്ടുണ്ട്.
ശേഷി പരിധി: 100 വാട്ട്-അവർ ശേഷിയുള്ള പവർ ബാങ്കുകൾ മാത്രമേ അനുവദിക്കൂ. ഇത് പവർ ബാങ്കിൽ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.
സൂക്ഷിക്കേണ്ട സ്ഥലം: യാത്ര ചെയ്യുമ്പോൾ പവർ ബാങ്ക് ഒരിക്കലും തലയ്ക്ക് മുകളിലുള്ള ലഗേജ് കംപാർട്ട്മെന്റിൽ വെക്കരുത്. പകരം, നിങ്ങളുടെ സീറ്റിനടിയിലോ സീറ്റ് പോക്കറ്റിലോ ഭദ്രമായി സൂക്ഷിക്കണം.
ലോകത്തെ മറ്റ് പല പ്രമുഖ വിമാനക്കമ്പനികളും സമാനമായ സുരക്ഷാ നിയന്ത്രണങ്ങൾ ഇതിനോടകം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ പുതിയ നിയമങ്ങൾ യാത്രക്കാർക്ക് ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയേക്കാമെങ്കിലും വിമാന യാത്രയെ കൂടുതൽ സുരക്ഷിതമാക്കാൻ ഇത് അത്യന്താപേക്ഷിതമാണെന്ന് അധികൃതർ വ്യക്തമാക്കി. അതുകൊണ്ട്, എമിറേറ്റ്സ് വിമാനത്തിൽ യാത്ര ചെയ്യുന്നവർ യാത്രയ്ക്ക് മുൻപ് അവരുടെ എല്ലാ ഉപകരണങ്ങളും പൂർണമായി ചാർജ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുന്നത് നന്നായിരിക്കും.