കൊച്ചി: കോൺഗ്രസിന് എതിരെ സംസാരിക്കുന്നവർ രൂക്ഷമായ സൈബർ ആക്രമണം നേരിടുന്നതായി യുവനിടി റിനി ആൻ ജോർജ്. കോൺഗ്രസ് നേതാക്കൾക്ക് എതിരായ കൂടുതൽ കാര്യങ്ങൾ തനിക്ക് അറിയാം. പ്രകോപിപ്പിച്ചാൽ അതെല്ലാം തുറന്നുപറയുമെന്നും റിനി ആൻ ജോർജ് മാധ്യമങ്ങളോട് പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആദ്യ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത് റിൻ ആൻ ജോർജ് ആയിരുന്നു.
കോൺഗ്രസ്സിലെ സാധാരണക്കാരെ കരുതിയാണ് നേതാക്കളുടെ കാര്യങ്ങൾ തുറന്ന് പറയാത്തതെന്ന് റിനി ആൻ ജോർജ് പറഞ്ഞു. സിപിഐഎമ്മുമായി ഗൂഢാലോചന നടത്തിയെന്ന് തെളിയിച്ചാൽ തന്റെ ജീവിതം തന്നെ അവസാനിപ്പിക്കാൻ തയ്യാറാണെന്നും അവർ പറഞ്ഞു.
താൻ ഒരു കക്ഷി രാഷ്ട്രീയത്തിനു വേണ്ടിയും സംസാരിച്ചിട്ടില്ലെന്ന് റിനി പറഞ്ഞു. സ്ത്രീപക്ഷ രാഷ്ട്രീയം ഇനിയും സംസാരിക്കും. പെൺ പ്രതിരോധം എന്ന സിപിഐഎം പരിപാടിയിൽ പങ്കെടുത്തത് രാഷ്ട്രീയത്തിന്റെ ഭാഗമയല്ല. സ്ത്രീപക്ഷ രാഷ്ട്രീയമാണ് തന്റേത്. സ്ത്രീപക്ഷ നിലപാടിനായി സിപിഐഎം വേദി ഒരുക്കി സംസാരിക്കാൻ വിളിച്ചതു കൊണ്ടാണ് താൻ പോയത്. അത് ഏത് പാർട്ടി വിളിച്ചാലും പോകും. നിലവിൽ ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമല്ലെന്നും റിനി ആൻ ജോർജ് പറഞ്ഞു.