കോഴിക്കോട്: കുന്ദമംഗലത്ത് സ്വകാര്യ ബസ് ഡ്രൈവറില്‍ നിന്നും കഞ്ചാവ് പിടികൂടി. കോഴിക്കോട്-തിരുവമ്പാടി റൂട്ടില്‍ ഓടുന്ന ചൈത്രം ബസ് ഡ്രൈവര്‍ ഷമില്‍ ലാലില്‍ നിന്നുമാണ് കഞ്ചാവ് പിടികൂടിയത്. ഈ ബസ്സില്‍ യാത്ര ചെയ്തിരുന്ന ഒരു സ്ത്രീയാണ് സ്റ്റോപ്പില്‍ ഇറങ്ങിയ ശേഷം ഡ്രൈവര്‍ ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് പൊലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് പൊലീസ് കുന്ദമംഗലത്ത് വെച്ച് നടത്തിയ പരിശോധനയില്‍ പ്രതിയില്‍ നിന്നും ഏകദേശം 2 ഗ്രാം കഞ്ചാവ് പിടികൂടുകയായിരുന്നു.
പ്രതിക്കെതിരെ എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു. കുന്ദമംഗലം പോലീസ് സബ് ഇന്‍സ്പെക്ടര്‍ നിധിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഏതാനും ബസ് ഡ്രൈവര്‍മാര്‍ ലഹരി ഉപയോഗിച്ച് അപകടം വരുത്തുന്ന രീതിയിലാണ് വാഹനം ഓടിക്കുന്നതെന്ന് നേരത്തെ പരാതി ഉയര്ന്നിരുന്നുതായി നാട്ടുകാര്‍ പറഞ്ഞു.