മേപ്പയ്യൂർ: മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ 15.10.25 ന് നടക്കുന്ന വികസന സദസ്സ് ബഹിഷ്ക്കരിക്കാൻ മേപ്പയ്യൂർ പഞ്ചായത്ത് യു.ഡി.എഫ്. നേതൃസമിതി തീരുമാനിച്ചു.
മേപ്പയ്യൂർ പഞ്ചായത്തിൽ നടക്കുന്ന അഴിമതിയിലും വികസനവിരുദ്ധ നിലപാടിലും പ്രതിഷേധിച്ച്, യു.ഡി.എഫ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റി ഉന്നയിച്ച വിഷയങ്ങളിൽ നാളിതുവരെ ഒര് മറുപടിയും പഞ്ചായത്ത് പ്രസിഡണ്ടിൻ്റെയോ മറ്റ് അധികൃതരുടെ ഭാഗത്ത് നിന്നോ ഉണ്ടായിട്ടില്ല. 2025 ഫിബ്രവരി ആദ്യ ആഴ്ചയിൽ നടന്ന മേപ്പയ്യൂർ ഫെസ്റ്റ് എന്ന സാംസ്ക്കാരിക പരിപാടിയുടെ വരവ് ചെലവ് കണക്ക് ഇതുവരെ അവതരിപ്പിച്ചിട്ടില്ല. ഫെസ്റ്റിനു വേണ്ടി രൂപീകരിച്ച സ്വാഗത സംഘം പോലും പിന്നീട് വിളിച്ച് ചേർത്തിട്ടില്ല. പഞ്ചായത്ത് ബോർഡ് മീറ്റിംഗിൽ യു.ഡി.എഫ് പ്രതിനിധികൾ പല തവണ ഈ ആവശ്യം ഉന്നയിച്ചതാണ്. ഓരോ തവണ ആവശ്യപ്പെടുമ്പോഴും അവതരിപ്പിക്കും എന്ന് പറയുന്നതല്ലാതെ പരിപാടി കഴിഞ്ഞ് എട്ട് മാസം കഴിഞ്ഞിട്ടും കണക്ക് അവതരിപ്പിക്കാൻ തെയ്യാറായിട്ടില്ല.
മേപ്പയ്യൂർ പഞ്ചായത്ത് കുടുംബശ്രീയിലെ സി.ഡി.എസ് അംഗങ്ങൾ ചേർന്ന എയ്ഞ്ചൽ എന്ന് പേരുള്ള ഗ്രൂപ്പ് മേപ്പയ്യൂർ ടൗണിൽ കേരളാചിക്കൺ സ്റ്റാൾ തുടങ്ങാൻ അഞ്ച് ലക്ഷം രൂപ കുടുംബശ്രീ ഫണ്ടിൽ നിന്നും വായ്പ എടുത്തെങ്കിലും ചിക്കൻ സ്റ്റാൾ തുടങ്ങിയില്ല. കുടുംബശ്രീയുടെ കണക്കുകൾ ഓഡിറ്റ് ചെയ്തപ്പോഴാണ് ഈ അഴിമതി പുറത്തറിയുന്നത്. ഈ തുക ബന്ധപ്പെട്ടവരിൽ നിന്ന് വസൂലാക്കുകയോ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല.
കുടുംബശ്രീ അംഗങ്ങളുടെ മക്കൾക്കുവേണ്ടി മൂന്ന് ദിവസത്തെ സഹവാസ ക്യാമ്പ് സംഘടിപ്പിക്കുവാൻ 60,000 രൂപ അനുവദിച്ചെങ്കിലും ഒര് ദിവസം മാത്രമാണ് ക്യാമ്പ് നടന്നത്. 40 ൽ താഴെ വരുന്ന കുട്ടികൾക്ക് ഒരു ദിവസത്തെ ക്യാമ്പിന് എത്ര രൂപയാണ് ചെലവായത് എന്ന ചോദ്യത്തിനും മറുപടിയില്ല.
ജൽജീവൻ പദ്ധതിയുടെ പ്രവർത്തനം പഞ്ചായത്തിൽ അവതാളത്തിൽ ആണ്. പദ്ധതിയുടെ കുടിവെള്ള ടാങ്ക് നിർമ്മിക്കാനുള്ള സ്ഥലം പോലും എവിടെയെന്ന് കണ്ടെത്തി കേരള വാട്ടർ അതോറിറ്റിയെ അറിയിച്ചിട്ടില്ല എന്നതാണ് വസ്തുത. മേപ്പയ്യൂർ പഞ്ചായത്തിൻ്റെ സർവ്വതോമുഖമായ വികസനത്തിന് ഒപ്പം നിന്ന് പ്രവർത്തിക്കുന്ന ക്രിയാത്മകമായ പ്രതിപക്ഷമാണ് മേപ്പയ്യൂരിലേത്. എന്നാൽ ഈ ആവശ്യങ്ങളെല്ലാം ഉന്നയിച്ച് പല തവണ പ്രത്യക്ഷസമരത്തിന് നേതൃത്വം കൊടുത്തെങ്കിലും ഭരണസമിതിയുടെ ഭാഗത്ത് നിന്ന് നാളിതുവരെ ഒരു മറുപടിയും ലഭിച്ചിട്ടില്ല. ഭരണത്തിന് നേതൃത്വം കൊടുക്കുന്ന സി.പി.എം ഉൾപ്പെടുന്ന ഇടതുപക്ഷമുന്നണിയും മറുപടി പറയാൻ തെയ്യാറാകുന്നില്ല. ഇത്തരുണത്തിൽ മേപ്പയ്യൂർ പഞ്ചായത്ത് സംഘടിപ്പിക്കുന്ന വികസന സദസ്സ്’ ആത്മാർത്ഥത ഇല്ലാത്തതും ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ളതുമാണ്. ആയതിനാൽ ഒക്ടോബർ 15 ന് നടക്കുന്ന പഞ്ചായത്ത് വികസന സദസ്സ് യു.ഡി.എഫ് ബഹിഷ്ക്കരിക്കുകയാണെന്ന് യു.ഡി.എഫ് നേതാക്കളായ പറമ്പാട്ട് സുധാകരൻ, കമ്മന അബ്ദുറഹിമാൻ, ഇ.അശോകൻ, എം എം അഷറഫ്, കെ.പി രാമചന്ദ്രൻ, ഇല്ലത്ത് അബ്ദുറഹിമാൻ, പി.കെ അനീഷ്, മുജീബ് കോമത്ത് എന്നിവർ അറിയിച്ചു