അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു; രണ്ടു ദിവസത്തിനിടെ രണ്ടു മരണം

news image
Oct 21, 2025, 9:15 am GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. പോത്തന്‍കോട് സ്വദേശിയായ 78 വയസ്സുകാരിയാണ് മരിച്ചത്. തിരുവനന്തപുരത്ത് ചികിത്സയിലായിരുന്നു. രണ്ടു ദിവസത്തിനുള്ളില്‍ തിരുവനന്തപുരത്ത് രോഗം ബാധിച്ചുണ്ടാകുന്ന രണ്ടാമത്തെ മരണമാണിത്. ഇന്നലെ കുളത്തൂര്‍ സ്വദേശിയായ പതിനെട്ടു വയസുകാരി മരിച്ചിരുന്നു. ഇന്നലെ സംസ്ഥാനത്തു നാലു പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു. പോത്തന്‍കോട് സ്വദേശിനി ദിവസങ്ങള്‍ക്കു മുന്‍പ് പനിയെ തുടര്‍ന്ന് പോത്തന്‍കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് എസ്​യുടി ആശുപത്രിയിലേക്കു മാറ്റി. പിന്നീട് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. വൃക്കകള്‍ തകരാറിലായതോടെ ഡയലാസിസ് നടത്തുകയും ചെയ്തിരുന്നു. സംസ്ഥാനത്ത് രോഗബാധയും മരണവും കൂടുമ്പോഴും രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ കഴിയാതെ ഇരുട്ടില്‍ തപ്പുകയാണ് ആരോഗ്യവകുപ്പ്. കഴിഞ്ഞ വര്‍ഷം 38 പേര്‍ക്കാണ് രോഗം ബാധിച്ചതെങ്കില്‍ ഈ വര്‍ഷം ഇതുവരെ 133 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഈ വര്‍ഷം മരണസംഖ്യ 29 ആയി. ഈ മാസം 45 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 7 പേര്‍ മരിക്കുകയും ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe