കരിപ്പൂർ ∙ വിമാനാപകടത്തെത്തുടർന്ന് സർവീസ് നിർത്തിയ സൗദി എയർലൈൻസ് കോഴിക്കോട് വിമാനത്താവളത്തിലേക്ക് ജനുവരിയിൽ തിരിച്ചെത്തുമെന്നു സൂചന. എന്നാൽ, സർവീസ് സംബന്ധിച്ച് സൗദി എയർലൈൻസിന്റെ ഔദ്യോഗിക പ്രഖ്യാപനം ആയിട്ടില്ല. കരിപ്പൂരിലെ ഗ്രൗണ്ട് ഹാൻഡ്‌ലിങ് നടപടികൾ നേരത്തേ പൂർത്തിയാക്കിയിരുന്നു.
സൗദി എയർലൈൻസിനുള്ള സെക്യൂരിറ്റി നടപടികളും ഈയിടെ പൂർത്തിയായി. ഡിജിസിഎ അനുമതിയും മറ്റു സർവീസ് അനുമതികളുമായി. വലിയ വിമാനങ്ങൾക്ക് അനുമതിയില്ലാത്തതിനാൽ, കരിപ്പൂരിലേക്ക് യോജിച്ച എയർബസ് 321 നിയോ വിമാനമാണ് സർവീസിന് എത്തിക്കുകയെന്നും അറിയിച്ചിട്ടുണ്ട്.
2025 ഒക്ടോബർ അവസാനത്തിൽ ആരംഭിക്കുന്ന ശൈത്യകാല ഷെഡ്യൂളിൽ റിയാദ്–കോഴിക്കോട് സർവീസും ഉൾപ്പെടുത്തുമെന്ന് സൗദി എയർലൈൻസ് നേരത്തേ അറിയിച്ചിരുന്നു. എന്നാൽ, ഷെഡ്യൂളിൽ സർവീസ് പ്രഖ്യാപനമുണ്ടായില്ല. ഇതുവരെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുമില്ല. മറ്റു നടപടികളെല്ലാം പൂർത്തിയായ സാഹചര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നാണു പറയുന്നത്.
