സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ നിരോധിത വസ്തുക്കൾ ഉപയോഗിക്കരുത് എന്ന കർശന നിർദേശം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജില്ലാ ജോയിന്റ് ഡയറക്ടറുടെ അധ്യക്ഷതയിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. ഹരിത ഇലക്ഷൻ നടത്തുന്നതിന്റെ ഭാഗമായി കോർപ്പറേഷൻ പരിധിയിലുള്ള പ്രിന്റിംഗ് ഉൽപ്പാദക വിതരണ കേന്ദ്രങ്ങളിൽ ഇന്റേണൽ വിജിലൻസ് ഓഫീസർമാർ, ജില്ലാ ശുചിത്വമിഷൻ, പൊല്യൂഷൻ കൺട്രോൾ ബോർഡ് എന്നിവരുടെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തുവാൻ തീരുമാനിച്ചു.



വിതരണ കേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥർക്കും പൊളിംഗ് ബൂത്തുകളിലെ ഉദ്യോഗസ്ഥർക്കും കടുംബശ്രീയുമായി സഹകരിച്ചുകൊണ്ട് കുടിവെള്ളം, ഭക്ഷണം എന്നിവ വിതരണം ചെയ്യുന്നതിന് തീരുമാനിച്ചു. ഇലക്ഷൻ പ്രചാരണത്തിൽ ഹരിതചട്ടം പാലിക്കുന്നതിന് നിരോധിത വസ്തുക്കൾ ഉപയോഗിച്ചു കൊണ്ടുള്ള തോരണങ്ങൾ, ബോർഡുകൾ, അലങ്കാര വസ്തുക്കൾ എന്നിവ ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതിന് പ്രത്യേക തദ്ദേശ സ്ഥാപനതല എൻഫോഴ്സ്മെന്റ് സ്ക്വാഡുകൾക്ക് നിർദ്ദേശം നൽകുന്നതിന് തീരുമാനിച്ചു.
യോഗത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ പിടി പ്രസാദ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡയറക്ടർ ബൈജു ജോസ്, ജില്ലാ ശുചിത്വ മിഷൻ കോഡിനേറ്റർ രാകേഷ് എന്നിവർ സംസാരിച്ചു.
കോർപ്പറേഷൻ അതിർത്തിയിലുള്ള സ്ഥാപനങ്ങളിൽ ഉദ്യോഗസ്ഥരുടെ നേതൃത്തത്തിൽ സ്‌ക്വാഡ് പരിശോധന നടത്തി. പരിശോധനയ്ക്ക് ഇന്റേണൽ വിജിലൻസ് ഓഫീസർമാരായ ടി ഷാഹുൽ ഹമീദ്, എ എൻ അഭിലാഷ്, അസിസ്റ്റന്റ് ഡയറക്ടർ നാരായണൻ, പൊലൂഷൻ കൺട്രോൾ ബോർഡ് അസിസ്റ്റന്റ് എൻജിനീയർ അവിനാഷ്, കോഴിക്കോട് കോർപ്പറേഷനിലെ ഹെൽത്ത് ഇൻസ്പെക്ടർമാരായ സുജിത തമ്പി,എം കെ സുബൈർ, ഡി ആർ രജനി എന്നിവർ പങ്കെടുത്തു. രണ്ട് കച്ചവട കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ ഒരു സ്ഥാപനത്തിന് നോട്ടീസ് നൽകി,മെറ്റീരിയൽ സംബന്ധിച്ച് കൃത്യത കൃത്യത ഉറപ്പുവരുത്തുന്നതിന് വേണ്ടി തിങ്കളാഴ്ച കോർപ്പറേഷൻ ഓഫീസിൽ ഹാജരാക്കുവാൻ വേണ്ടി നിർദേശിക്കുകയും ചെയ്തു. പരിശോധന തിങ്കളാഴ്ചയും തുടരുന്നതാണ്.
