തിക്കോടി ചെറു മത്സ്യ ബന്ധന തുറമുഖം: ശാസ്ത്രീയ പഠനങ്ങൾ വേഗത്തിൽ നടത്തി അനുമതി നൽകണം- ഡി സി സി പ്രസിഡന്റ് കെ.പ്രവീണ്‍ കുമാര്‍

news image
Jan 22, 2026, 9:46 am GMT+0000 payyolionline.in

 

കൊയിലാണ്ടി : തിക്കോടി ചെറു മത്സ്യ ബന്ധന തുറമുഖം(ഫിഷ്‌ലാന്റിംഗ് സെന്റര്‍)നിര്‍മ്മിക്കാന്‍ ഹാര്‍ബര്‍ എഞ്ചിനിയറിംഗ് വകുപ്പ് തയ്യാറാക്കിയ 5.27 കോടി രൂപയുടെ പദ്ധതിയ്ക്ക് ആവശ്യമായ ശാസ്ത്രീയ പഠനം വേഗത്തില്‍ നടത്തി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ അനുമതി ലഭ്യമാക്കണമെന്ന് ഡി സി സി പ്രസിഡന്റ് അഡ്വ.കെ.പ്രവീണ്‍ കുമാര്‍ ആവശ്യപ്പെട്ടു.

നൂറ് കണക്കിന് മത്സ്യ തൊഴിലാളികളുടെ കാലങ്ങളായുളള ആവശ്യമാണ് തിക്കോടി ഫിഷ്‌ലാന്റിംങ്ങ് സെന്‍ര്‍ യാഥാര്‍ത്യമാക്കണമെന്നത്. എന്നാല്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ അവഗണന മൂലം ഇനിയും പദ്ധതി നടപ്പായില്ല. ഫിഷറീസ് ഹാര്‍ബര്‍ വകുപ്പുകളുടെ നിരുത്തരപവാദപരമായ സമീപനമാണ് ഇതിന് കാരണം. തിക്കോടിയില്‍ ഫിഷ്‌ലാന്റിംഗ് സെന്ററിന് കേന്ദ്രാനുമതി ലഭിക്കണമെങ്കില്‍ പരിസ്ഥിതി ആഘാത പഠനവും മറ്റ് ശാസ്ത്രീയ പഠനങ്ങളും നടത്തണമെന്ന് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റല്‍ എഞ്ചിനിയറിംഗ് ഫോര്‍ ഫഷറീസ് ടെക്‌നിക്കല്‍ വിങ്ങ് ശുപാര്‍ശ ചെയ്തതാണ്. എന്നാല്‍ ഇതിനുളള നടപടികളൊന്നും സംസ്ഥാന ഫിഷറീസ് വകുപ്പ് സ്വീകരിച്ചില്ലെന്ന് കെ.പ്രവീണ്‍ കുമാര്‍ കുറ്റപ്പെടുത്തി.

 

നിലവില്‍ തിക്കോടി ഫിഷ്‌ലാന്റിംഗ് സെന്റിന്റെ തെക്ക് ഭാഗത്ത് 200 മീറ്റര്‍ നീളത്തില്‍ ഗ്രോയിന്‍(പുലിമുട്ട്) നിര്‍മ്മിച്ചിട്ടുണ്ട്. വടക്കു ഭാഗത്ത് കൂടി 120 മീറ്റര്‍ നീളത്തില്‍ ചെറു പുലിമുട്ട് നിര്‍മ്മിച്ചാലെ മല്‍സ്യ ബന്ധന വളളങ്ങള്‍ സുരക്ഷിതമായി നങ്കൂരമിടാന്‍ കഴിയുകയുളളു. മത്സ്യ തൊഴിലാളികളുടെ നിരന്തരമായ ആവശ്യമാണിത്. വടക്കു ഭാഗത്ത് പുലിമുട്ട് നിര്‍മ്മിക്കാന്‍ ബന്ധപ്പെട്ട ഏജന്‍സികളുടെ ശാസ്ത്രീയ പഠനം വേണമെന്നാണ് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റല്‍ എഞ്ചിനിയറിംങ്ങ് വിഭാഗം ആവശ്യപ്പെട്ടിരിക്കുന്നത്. ശാസ്ത്രീയ പഠന റിപ്പോര്‍ട്ട് കൂടി ഉണ്ടെങ്കില്‍ മാത്രമേ തിക്കോടി ഫിഷ്‌ലാന്റിംഗ് സെന്റിന് ഭരണാനുമതി ലഭിക്കുകയുളളു. ഇക്കാര്യം ഫിഷറീസ് വകുപ്പ് ഗൗരവമായി കാണണം. അല്ലാത്ത പക്ഷം മത്സ്യ തൊഴിലാളികളെ അണിനിരത്ത് യു ഡി എഫ് പ്രക്ഷോഭമാരംഭിക്കുമെന്നും അ്‌ദേഹം പറഞ്ഞു.

തിക്കോടി ചെറു മല്‍സ്യ ബന്ധന തുറമുഖം (ഫിഷ് ലാന്റിംഗ് സെന്റര്‍) നിര്‍മ്മിക്കാന്‍ ഒരു ഏക്രയോളം സ്ഥലം ഹാര്‍ബര്‍ എഞ്ചിനിയറിംഗ് വകുപ്പ് നേരത്തെ തന്നെ ഇവിടെ ഏറ്റെടുത്തിട്ടുണ്ട്. തിക്കോടി മേഖലയിലെ മല്‍സ്യ തൊഴിലാളികള്‍ അവരുടെ വളളങ്ങളും തോണികളും അടുപ്പിക്കുന്നത് ഇവിടെയാണ്. ഇവിടെ ലേലപ്പുര,ശൗചാലയം,ചുറ്റുമതില്‍,ഗെയിറ്റ്,പാര്‍ക്കിംഗ് ഏരിയ,നിലവിലുളള റോഡിന്റെ പുനരുദ്ധാരണം,വല റിപ്പെയറിംഗ് ഷെഡ്,120 മീറ്റര്‍ നീളത്തില്‍ പുലിമുട്ട്(ഗ്രോയിന്‍),ശുദ്ധ ജല സംവിധാനം,വൈദ്യുതി വെളിച്ചം,സോളാര്‍ ലൈറ്റ്,നിലവിലുളള പുലിമുട്ട് ബലപ്പെടുത്തല്‍ എന്നിവ വേണം.തിക്കോടിയില്‍ ആധുനിക സജ്ജീകരണങ്ങളോടെ ഫിഷ് ലാന്റിംഗ് സെന്റര്‍ യാഥാര്‍ത്യമായാല്‍ നാല് മല്‍സ്യ ഗ്രാമങ്ങളിലെ മത്സ്യ തൊഴിലാളികള്‍ക്കും അനുബന്ധ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും പ്രയോജനപ്പെടുമെന്ന് പ്രവീണ്‍ കുമാര്‍ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe