കേരള കുംഭമേളയ്ക്ക് നാളെ സമാപനം; അടുത്ത വർഷവും മേള നടത്തും, 2028ൽ മഹാകുംഭമേള ഒരുക്കും: സംഘാടകർ

news image
Feb 2, 2026, 11:10 am GMT+0000 payyolionline.in

തിരുനാവായ ∙ ഭാരതപ്പുഴ ആഘോഷമാക്കിയ കേരളത്തിന്റെ കുംഭമേള നാളെ സമാപിക്കും. ലക്ഷങ്ങളാണ് ഓരോ ദിവസവും കുംഭമേളയെന്നു വിശേഷിപ്പിച്ച മഹാമാഘ ഉത്സവം കാണാൻ പുഴയിലെ മണൽപ്പരപ്പിലെത്തിയത്. ഇന്നും സമാപന ദിവസമായ നാളെയും വൻ തിരക്കാണ് പ്രതീക്ഷിക്കുന്നത്. നാളെ രാവിലെ യോഗീശ്വര പൂജയും തുടർന്ന് സന്യാസിമാരും ഭക്തരും ചേർന്നുള്ള അമൃത സ്നാനവും നടക്കും. ഉച്ചയ്ക്ക് അന്നപ്രസാദമുണ്ടാകും. വൈകിട്ട് നിളാ ആരതിയോടെ സമാപിക്കും. അടുത്ത വർഷവും ഇതേ രീതിയിൽ കുംഭമേളയുണ്ട്. 2028ൽ മഹാകുംഭമേള നടക്കും. 13 അഖാഡകളും ശങ്കരാചാര്യന്മാരും 2028ൽ നിളാ തീരത്തെ മഹാകുംഭമേളയിൽ പങ്കെടുക്കും.ഇന്ന് പ്രഥമ തിഥിയും ആയില്യം നക്ഷത്രവും ചേർന്നു വരുന്ന ദിവസം രാവിലെ 6 മുതൽ പ്രത്യേക പൂജകൾ നടക്കും. തൃപ്രങ്ങോട്ടപ്പൻ, തളി ശിവൻ, ബ്രഹ്മാവ്, മഹാലക്ഷ്മി, നവാമുകുന്ദൻ, തിരുമാന്ധാംകുന്നിലമ്മ എന്നീ ദേവീദേവന്മാർക്ക് പൂജ നടത്തും. ശബരിമല മുൻ മേൽശാന്തി അരീക്കര സുധീർ നമ്പൂതിരി നേതൃത്വം നൽകും. വൈകിട്ട് കുളപ്പുറത്ത് നീലകണ്ഠൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ സർപ്പബലിയുമുണ്ട്. ഇന്നലെ തൈപ്പൂയാഘോഷത്തിന്റെ ഭാഗമായി സുബ്രഹ്മണ്യ പൂജ, മഹാഗണപതി ഹോമം, കാവടിയാട്ടം എന്നിവ നടന്നു. സൂര്യകാലടി മന പരമേശ്വരൻ ഭട്ടതിരിപ്പാട് മഹാഗണപതി ഹോമത്തിന് കാർമികത്വം വഹിച്ചു. രാവിലെ നടന്ന കാവടിയാട്ടത്തിന് ആർ.രജിത് കുമാറും വൈകിട്ട് സന്ദീപ് നെടുമ്പാളും നേതൃത്വം നൽകി. ജ്യോതിസ് കളരി സംഘം അവതരിപ്പിച്ച കളരിപ്പയറ്റും നടന്നു.ഭാരതപ്പുഴയുടെ തീരത്ത് ‘നിളാ സീർ’; മലയാളനാട്ടിലെത്തിയ ‘മകളെ’ കാണാൻ തിരുമൂർത്തി ഗ്രാമത്തിൽനിന്ന് ഭക്തർ തിരുനാവായ ∙ മറ്റൊരു നാട്ടിലേക്ക് വിവാഹം കഴിഞ്ഞുപോയ പൊൻമകളെ കാണാൻ തമിഴ്നാട്ടിലെ ഗ്രാമത്തിൽനിന്ന് ബന്ധുക്കളെത്തി. പട്ടു വസ്ത്രങ്ങളും പഴങ്ങളും പൂക്കളും പൊട്ടും കമ്മലും രാമച്ചമാലകളും വാസനദ്രവ്യങ്ങളുമെല്ലാമായാണ് അവർ വന്നത്. ‘എങ്കൾ മകൾ വീട്ടിൽ ഒരു പെരിയ തിരുവിഴ നടക്കിറത്. അതിൽ കലന്ത് കൊണ്ടു എങ്കൾ മകൾക്ക് പരിസുകളൈ വഴങ്കവേണ്ടും’ – തമിഴ്നാട്ടിൽ നിന്നെത്തിയവർ പറയുന്നു. അവരുടെ മകളെ അറിയാത്ത മലയാളിയില്ല. പേര്: ഭാരതപ്പുഴ, നമ്മുടെ നിള. പുഴയെ തമിഴ്നാട്ടിലെ തിരുമൂർത്തി ഗ്രാമത്തിലുള്ളവർ മകളായാണു കാണുന്നത്. മകളെ വിവാഹം ചെയ്തയച്ച ദേശമായാണ് ഈ നാടിനെ അവർ പരിഗണിക്കുന്നത്. മകൾ വിവാഹം ചെയ്തുപോയ സ്ഥലത്തേക്ക് പോകുന്ന ‘തായ് വീട്ടുസീർ’ തമിഴ്നാട്ടിൽ വലിയ ചടങ്ങാണ്. തായ് വീട്ടിലെ പ്രൗഢിക്കനുസരിച്ചു മകൾക്ക് സമ്മാനങ്ങളും കൊണ്ടുവരും. ‘നിളാ സീർ’ എന്നാണ് സമ്മാനങ്ങളുമായി ഭാരതപ്പുഴയെ കാണാൻ വന്ന ചടങ്ങിന്റെ പേര്. ഇതേ രീതിയിൽ ആടിമാസത്തിൽ ‘കാവേരി സീർ’ ചടങ്ങും നടത്താറുണ്ട്.തിരുനാവായയിൽ കേരള കുംഭമേള തുടങ്ങിയതോടെയാണ് നിളാ സീർ എന്ന ചടങ്ങ് നടത്താൻ തീരുമാനിച്ചത്. കൊണ്ടുവന്ന സമ്മാനങ്ങളിൽ പട്ടുവസ്ത്രം പുഴയെ പുതപ്പിച്ചു. തമിഴ്നാട് ഉദുമൽപേട്ടിലെ തിരുമൂർത്തി മലയിലെ ക്ഷേത്രത്തിൽ പൂജിച്ചാണ് സമ്മാനങ്ങൾ കൊണ്ടുവന്നത്.ഭാരതപ്പുഴ ഉദ്‌ഭവിക്കുന്ന തമിഴ്നാട്ടിലെ തിരുമൂർത്തി മലയിൽ നിന്ന് പുഴയിലെ തീർഥം കുംഭത്തിലാക്കി ഇവിടെ എത്തിച്ചു പുഴയിൽ ഒഴുക്കുകയും ചെയ്തു. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ട്രഷറർ ഗണേശ് കുമാർ, മഹേഷ് കുമാർ, സേനാപതി, രവിശങ്കർ എന്നിവരുടെ നേതൃത്തിലാണ് നിളാ സീർ നടത്താൻ സംഘമെത്തിയത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe