ന്യൂഡൽഹി: നിർമിത ബുദ്ധി (എ.ഐ) വഴി നിർമിച്ച വ്യാജ വാർത്തകൾക്കും അശ്ലീല ഉള്ളടക്കങ്ങൾക്കും കേന്ദ്ര സർക്കാർ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളായ യൂട്യൂബ്, എക്സ് തുടങ്ങിയവയിൽ എ.ഐ ഉപയോഗിച്ച് നിർമിച്ച നിയമവിരുദ്ധമായ കാര്യങ്ങൾ പങ്കുവെച്ചാൽ, മൂന്നു മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണമെന്ന് സർക്കാർ ഉത്തരവിട്ടു. പുതിയ നിയന്ത്രണം ഫെബ്രുവരി 20 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഇതുസംബന്ധിച്ച ചട്ടം ഭേദഗതി ചെയ്ത ഇലക്ട്രോണിക്, ഐ.ടി മന്ത്രാലയം അറിയിച്ചു.
എ.ഐ ഉപയോഗിച്ച് നിർമിച്ച വിഡിയോകളും ചിത്രങ്ങളും ഏതാണെന്ന് വ്യക്തമായി രേഖപ്പെടുത്തണമെന്നും പുതിയ ചട്ടത്തിൽ പറയുന്നു. അത് യഥാർഥമാണെന്ന് ആളുകൾ തെറ്റിദ്ധരിക്കാതിരിക്കാനാണത്. നഗ്നതയോ അശ്ലീലമോ അടങ്ങിയ എ.ഐ ചിത്രങ്ങളോ വിഡിയോകളോ ശ്രദ്ധയിൽപ്പെട്ടാൽ രണ്ടു മണിക്കൂറിനുള്ളിൽ പ്ലാറ്റ്ഫോമുകൾ അത് നീക്കം ചെയ്യണം.
ഉള്ളടക്കം നിർമിക്കാനും എഡിറ്റ് ചെയ്യാനും സഹായിക്കുന്ന ഫ്ലാറ്റ്ഫോമുകൾക്കാണ് നിർദേശം നൽകിയത്. എ.ഐ ഉള്ളടക്കങ്ങൾക്കൊപ്പം അത് എപ്പോൾ, എങ്ങനെ നിർമിച്ചു എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ (മെറ്റ ഡേറ്റ) സ്ഥിരമായി ഉൾപ്പെടുത്തണം. ഇതു നീക്കം ചെയ്യാൻ പാടില്ല. ഒരാളുടെ രൂപമോ ശബ്ദമോ വ്യാജമായി നിർമിച്ച് തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്ന ഡീപ്േഫക്ക് തടയാൻ കർശന നടപടി ഉണ്ടാകും.
വ്യാജ രേഖകളും കുട്ടികളുടേതടക്കമുള്ള ലൈംഗിക ദൃശ്യങ്ങളും ഡീപ്േഫക്കും നിർമിക്കുന്നതും പ്രചരിപ്പിക്കുകയും ചെയ്യുന്നത് തടയാനുള്ള ഓട്ടോമേറ്റഡ് ടൂളുകൾ എ.ഐ പ്ലാറ്റ്ഫോമുകൾ സജ്ജീകരിക്കണം. സമൂഹ മാധ്യമങ്ങളും ഈ സംവിധാനം ഏർപ്പെടുത്തണം.
ഉള്ളടക്കം അപ് ലോഡ് ചെയ്യുമ്പോൾ അത് എ.ഐ നിർമിതമാണോയെന്ന സത്യവാങ്മൂലം സമൂഹ മാധ്യമങ്ങൾ ഉപയോക്താക്കളിൽനിന്ന് വാങ്ങുകയും അത് ഉറപ്പുവരുത്തുകയും ചെയ്യണമെന്നും വ്യവസ്ഥയുണ്ട്. എ.ഐ ഉപയോഗിച്ച് കൃത്രിമമായി നിർമിക്കുകയോ എഡിറ്റ് ചെയ്യുകയോ ചെയ്ത ഉള്ളടക്കമാണെങ്കിൽ അക്കാര്യം വ്യക്തമാക്കേണ്ട ബാധ്യതയും സമൂഹമാധ്യമങ്ങൾക്കുണ്ട്. ഇല്ലെങ്കിൽ നിയമനടപടി നേരിടേണ്ടി വരും. നിയമങ്ങൾ ലംഘിച്ചാൽ നടപടിയുണ്ടാകുമെന്ന് കമ്പനികൾ മൂന്നു മാസത്തിലൊരിക്കൽ ഉപയോക്താക്കളെ അറിയിച്ചുകൊണ്ടിരിക്കുകയും വേണം.
സമൂഹ മാധ്യമങ്ങളിലെ നിയമവിരുദ്ധ ഉള്ളടക്കങ്ങൾ വിലക്കി കോടതികളോ സർക്കാറോ ഉത്തരവിട്ടാൽ മൂന്ന് മണിക്കൂറിനകം നടപടി സ്വീകരിക്കണം. നേരത്തേ 36 മണിക്കൂറിനകം നടപടിയെടുത്താൽ മതിയായിരുന്നു. ഈ സമയ പരിധിക്കുള്ളിൽ നടപടിയെടുത്തില്ലെങ്കിൽ ഇന്റർനെറ്റ് പ്ലാറ്റ്ഫോമും കേസിൽ പ്രതിയാകും. ഇതോടെ ഉള്ളടക്കങ്ങളുടെ കാര്യത്തിൽ പ്ലാറ്റ്ഫോമുകൾക്ക് ലഭിച്ചിരുന്ന പരിരക്ഷ ഇനി ഇല്ലാതാകും. ഉള്ളടക്കങ്ങൾക്കെതിരായ വ്യക്തികളുടെ പരാതികളിൽ 36 മണിക്കൂറിനകം ഇന്റർനെറ്റ് പ്ലാറ്റ്ഫോമുകൾ നടപടിയെടുക്കണം. നടപടിയെടുക്കാതിരിക്കുകയോ നടപടി തൃപ്തികരമാവാതിരിക്കുകയോ ചെയ്താൽ സർക്കാറിന്റെ പരാതി പരിഹാര സമിതിയെ സമീപിക്കാം.
