‘ഗണേഷ്‌കുമാറിനെ യൂണിയനിൽ കയറ്റരുതെന്നും നശിപ്പിച്ചേ പോകൂവെന്നും ആർ ബാലകൃഷ്ണപിള്ള പറഞ്ഞിരുന്നു’

news image
Mar 15, 2026, 12:13 pm GMT+0000 payyolionline.in

കൊല്ലം: കെ ബി ഗണേഷ്‌ കുമാറിനെ യൂണിയനിൽ കയറ്റരുതെന്നും നശിപ്പിച്ചേ പോകൂവെന്നും ഗണേഷിന്റെ പിതാവും പത്തനാപുരം താലൂക്ക് എൻഎസ്എസ് യൂണിയന്റെ മുൻ പ്രസിഡന്റുമായിരുന്ന ആർ ബാലകൃഷ്ണപിള്ള തന്നോട് പറഞ്ഞിരുന്നുവെന്ന് താത്കാലിക സമിതി ചെയർമാൻ കെ തങ്കപ്പൻപിള്ള.
ബാലകൃഷ്ണപിള്ളയുടെ പ്രവചനം കൃത്യമായിരുന്നെന്ന് ഇപ്പോൾ യൂണിയൻ സമിതി അംഗങ്ങൾക്ക് മനസ്സിലായെന്നും തങ്കപ്പൻപിള്ള പറഞ്ഞു. പുനലൂരിലെ യൂണിയൻ ആസ്ഥാനത്ത് വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞമാസം 28-ന് നടന്ന യൂണിയൻ കമ്മിറ്റി യോഗത്തിൽ പ്രസിഡന്റായിരുന്ന ഗണേഷ്‌ കുമാർ വളരെ മോശമായി പെരുമാറിയതാണ് ഭരണസമിതി പിരിച്ചുവിടുന്നതിൽ കലാശിച്ചത്. യോഗത്തിന് വളരെ വൈകിയെത്തിയ ഗണേഷ് സെക്രട്ടറിക്കുനേരെ പോലും വളരെ മോശമായ ഭാഷയിൽ സംസാരിച്ചു. ഇതിൽ പ്രതിഷേധിച്ചാണ് 19 അംഗ ഭരണസമിതിയിലെ 11 പേരും അന്നുതന്നെ രാജിവെച്ചതെന്നും അദ്ദേഹം പറഞ്ഞു. പത്മ കഫേയുടെ കണക്കിലുണ്ടായ ക്രമക്കേട് അന്വേഷിക്കുകയെന്നതാണ് അഡ്‌ഹോക് കമ്മിറ്റിയുടെ ആദ്യ നടപടിയെന്നും തങ്കപ്പൻപിള്ള കൂട്ടിച്ചേർത്തു.
എൻഎസ്എസ് പത്തനാപുരം താലൂക്ക് യൂണിയൻ പ്രസിഡന്റാണ് ഗണേഷ് കുമാർ. ഗണേഷിന്റെ നടപടികളിൽ നേരത്തെ തന്നെ യൂണിയനുളളിൽ അഭിപ്രായവ്യത്യാസങ്ങളും പ്രശ്നങ്ങളും ഉണ്ടായിരുന്നു. താലൂക്ക് യൂണിയനിൽ 19 അംഗ ഭരണ സമിതിയാണ് ഉളളത്. ഇതിൽ പതിനൊന്നുപേർ രാജിവെച്ചിരുന്നു. പിന്നാലെയാണ് രജിസ്ട്രാർ ഭരണസമിതി പിരിച്ചുവിട്ടത്. പത്മ കഫേ നിർമ്മാണത്തിൽ ഉൾപ്പെടെ ഭരണസമിതി അംഗങ്ങൾ ഗണേഷ് കുമാറിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ഗണേഷിന് ഏകാധിപത്യമാണ് എന്നായിരുന്നു അംഗങ്ങളുടെ വിമർശനം. എന്നാൽ താലൂക്ക് യൂണിയനിൽ യാതൊരു പ്രശ്നവുമില്ല എന്നായിരുന്നു ഗണേഷ് കുമാർ പ്രതികരിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe