ആലപ്പുഴ: മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് ജി സുധാകരനെ പിന്തുണയ്ക്കാനുള്ള കോൺഗ്രസ് തീരുമാനത്തിൽ പ്രതിഷേധിച്ച് പാർട്ടി ബന്ധം ഉപേക്ഷിച്ച് കെപിസിസി ജനറൽ സെക്രട്ടറി എം ജെ ജോബ്. സുധാകരനെ പിന്തുണച്ചതിലുള്ള പ്രതിഷേധ സൂചകമായാണ് രാജി. ജി സുധാകരന്റെ സഹോദരനെ കൊലപ്പെടുത്തിയത് കെഎസ്യു ഗുണ്ടകൾ എന്നാണ് ആദ്യം പറഞ്ഞതെന്നും ഇപ്പോൾ നായർ ഗുണ്ടകൾ ആണ് കൊന്നതെന്ന് ജി സുധാകരൻ തന്നെ പറയുന്നുവെന്നും ജോബ് പറഞ്ഞു. ഇങ്ങനെയൊക്കെ പരസ്യപ്രസ്താവന നടത്തി പാർട്ടിയിൽ തുടരാൻ ആകുമോയെന്നും അദ്ദേഹം ചോദിച്ചു.
52 വർഷത്തെ കോൺഗ്രസ്സ് ബന്ധം ഉപേക്ഷിക്കുന്നതായി ജോബ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കുകയായിരുന്നു. ‘സ്ഥാനാർത്ഥി നിർണയത്തിൽ മര്യാദയും മാന്യതയുമില്ല. നേതൃത്വത്തിന് സഹജീവികളോട് അനുകമ്പയില്ല. ഇനി സീറ്റ് തന്നാലും വേണ്ട. പുന്നപ്രയിലെ കോൺഗ്രസുകാർ ഒത്തിരി വേട്ടയാടപ്പെട്ടിട്ടുണ്ട്. പാർട്ടിക്കുവേണ്ടി ഒത്തിരി കഷ്ടപ്പെട്ടിട്ടുണ്ട്. ജി സുധാകരനെ പിന്തുണയ്ക്കണം എന്ന് പറയുമ്പോൾ അമ്പലപ്പുഴയിലെ കോൺഗ്രസുകാരോട് ഒരു വാക്ക് പറയേണ്ട ഉത്തരവാദിത്വം ഉണ്ടായിരുന്നു. ഇന്നലകളിൽ ഉണ്ടായ അനുഭവങ്ങളുടെ വെളിച്ചത്തിൽ വളരെ വിഷമമുണ്ടാക്കുന്ന കാര്യമാണ്. അവിടുത്തെ കോൺഗ്രസ് പ്രവർത്തകരെ വിശ്വാസത്തിൽ എടുക്കാൻ നേതൃത്വം തയ്യാറായില്ല’, ജോബ് പറഞ്ഞു.
സുധാകരനെ പിന്തുണക്കുന്നത് യുഡിഎഫിന് മുതൽക്കൂട്ടായേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യക്തിപരമായി ജി സുധാകരനെതിരെ എതിരഭിപ്രായമില്ലെന്നും ജോബ് പറഞ്ഞു. അമ്പലപ്പുഴയിൽ മത്സരിക്കാനിറങ്ങുന്ന ജി സുധാകരനെ പിന്തുണയ്ക്കാൻ കോൺഗ്രസ് തീരുമാനമെടുത്തിരുന്നു. മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ നിർത്തില്ലെന്നാണ് കോൺഗ്രസിന്റെ തീരുമാനം.
പഴയ സഹപ്രവർത്തകനും നിലവിൽ എംഎൽഎയുമായ എച്ച് സലാമാണ് അമ്പലപ്പുഴയിൽ ജി സുധാകരന്റെ എതിരാളി. എച്ച് സലാം പൊളിറ്റിക്കൽ ക്രിമിനലാണെന്ന ജി സുധാകരന്റെ പരാമർശം ചർച്ചകൾക്ക് വഴിവെച്ചിരുന്നു. എന്നാൽ എല്ലാത്തിനോടും മറുപടി പറഞ്ഞു പോകാൻ താനില്ലെന്നായിരുന്നു സലാമിന്റെ പ്രതികരണം. വ്യക്തിപരമായ ശത്രുത ഇല്ലെന്നും താൻ കമ്മ്യൂണിസ്റ്റ് അല്ലായിരുന്നെങ്കിൽ ജി സുധാകരൻ ഇലക്ഷൻ സെക്രട്ടറി ആക്കുമായിരുന്നോ എന്നും എച്ച് സലാം ചോദിച്ചിരുന്നു.
