മതസൗഹാർദ്ദത്തിന്റെ പൊൻകതിർ; വടകരയിൽ നോമ്പുതുറ ഒരുക്കി ക്ഷേത്രസമിതിയും പള്ളിക്കമ്മറ്റിയും

news image
Mar 16, 2026, 8:55 am GMT+0000 payyolionline.in

വടകര: നാടിന്റെ മതസൗഹാർദ്ദ പാരമ്പര്യം വിളിച്ചോതി വടകര മുക്കാളിയിൽ ക്ഷേത്രസമിതിയും പള്ളിക്കമ്മറ്റിയും സംയുക്തമായി ഇഫ്താർ വിരുന്നൊരുക്കി. ചോമ്പാല ശ്രീ അയ്യപ്പക്ഷേത്രം സമിതിയും പ്രാദേശിക പള്ളിക്കമ്മറ്റിയും ചേർന്നാണ് ഈ സ്നേഹവിരുന്ന് സംഘടിപ്പിച്ചത്. ചോമ്പാല എൽ.പി. സ്കൂൾ ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ ജുമാഅത്ത് പള്ളി ഖത്തീബ് സയ്യിദ് അസ്അദി ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തു.

സ്നേഹത്തിന്റെ ‘കേരള മോഡൽ’ എന്ന് വിശേഷിപ്പിക്കാവുന്ന ചടങ്ങിൽ അയ്യപ്പക്ഷേത്രം സെക്രട്ടറി പാമ്പള്ളി ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. വൈവിധ്യമാർന്ന വിശ്വാസങ്ങൾക്കിടയിലും മനുഷ്യർക്കിടയിലുള്ള ഐക്യവും സഹവർത്തിത്വവുമാണ് ഇത്തരമൊരു ചടങ്ങിലൂടെ ലക്ഷ്യമിടുന്നതെന്ന് സംഘാടകർ വ്യക്തമാക്കി. അടുത്തിടെ തിരുവനന്തപുരം പാളയത്ത് ആറ്റുകാൽ പൊങ്കാല സമയത്ത് പാളയം ജുമ മസ്ജിദും സെന്റ് ജോസഫ് ചർച്ചും ഭക്തർക്കായി സൗകര്യങ്ങൾ ഒരുക്കിയത് വലിയ വാർത്തയായിരുന്നു. പൊങ്കാലയ്‌ക്കെത്തുന്നവർക്ക് മികച്ച ആതിഥേയത്വം നൽകണമെന്ന് പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി ആഹ്വാനം ചെയ്തത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആ തുടർച്ചയെന്നോണം വടകരയിലും അരങ്ങേറിയ ഈ സൗഹൃദ സംഗമത്തെ ‘റിയൽ കേരള സ്റ്റോറി’ എന്ന പേരിൽ സോഷ്യൽ മീഡിയയും ഏറ്റെടുത്തുകഴിഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe