കൊച്ചി: പ്രമുഖ സിനിമാനടിയെ കടന്നുപിടിക്കാൻ ശ്രമിച്ച ഐടി കമ്പനി മാനേജർ പാലാരിവട്ടം പോലീസിന്റെ പിടിയിലായി. കതൃക്കടവ് സ്വദേശി വിപിൻ റോയിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിക്കൽ, അതിക്രമം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
വ്യാഴാഴ്ച വൈകീട്ട് കലൂർ സ്റ്റേഡിയത്തിന് സമീപമുള്ള ഒരു സ്ഥാപനത്തിൽ നടി എത്തിയപ്പോഴായിരുന്നു സംഭവം. നടിയെ പിന്തുടർന്ന് ശല്യം ചെയ്ത ഇയാൾ പ്രകോപനവുമില്ലാതെ കടന്നുപിടിക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ നടി പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പ്രതി കതൃക്കടവിലെ വീട്ടിലെത്തിയെന്ന രഹസ്യവിവരത്തെ തുടർന്ന് പോലീസ് അവിടെയെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
എം.ബി.എ ബിരുദധാരിയായ വിപിൻ റോയ് കാക്കനാട്ടെ പ്രമുഖ ഐടി സ്ഥാപനത്തിലെ മാനേജരാണ്. ഇയാൾ സോഷ്യൽ മീഡിയ വഴി തന്നെ നിരന്തരം ശല്യം ചെയ്തിരുന്നതായും നടി പരാതിയിൽ ബോധിപ്പിച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള മാധ്യമങ്ങളിലൂടെ ഇയാൾ അയക്കുന്ന സന്ദേശങ്ങൾ ഇതുവരെ അവഗണിക്കുകയായിരുന്നുവെന്നും നടി പോലീസിനോട് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
