ബീച്ചിലേക്ക് ജനപ്രവാഹം; കോഴിക്കോട് നഗരത്തിൽ കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക്

news image
Mar 22, 2026, 3:34 am GMT+0000 payyolionline.in

കോഴിക്കോട്: ചെറിയ പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി ജനങ്ങൾ കൂട്ടത്തോടെ തെരുവിലിറങ്ങിയതോടെ കോഴിക്കോട് നഗരം സമാനതകളില്ലാത്ത ഗതാഗതക്കുരുക്കിലമർന്നു. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ആരംഭിച്ച തിരക്ക് രാത്രി വൈകിയും തുടർന്നു. ബീച്ചിലേക്കും നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലേക്കും ജനപ്രവാഹമുണ്ടായതോടെ ഗതാഗതം പൂർണ്ണമായും സ്തംഭിക്കുന്ന അവസ്ഥയാണുണ്ടായത്.

കോതിപ്പാലം മുതൽ തോപ്പയിൽ ബീച്ച് വരെ വാഹനങ്ങളുടെ നീണ്ട നിരയാണ് അനുഭവപ്പെട്ടത്. ബീച്ച് പരിസരത്തെ താൽക്കാലിക ഭക്ഷണശാലകൾ ലക്ഷ്യമാക്കി എത്തിയവരുടെ വാഹനങ്ങൾ റോഡുകൾ കീഴടക്കി. ഗാന്ധി റോഡ് മുതൽ ബൈപ്പാസ് വരെയുള്ള ഭാഗങ്ങളിലും മണിക്കൂറുകളോളം വാഹനങ്ങൾ ഇഴഞ്ഞുനീങ്ങി. സി.എച്ച്. ഫ്ലൈ ഓവർ, മാവൂർ റോഡ്, മാങ്കാവ് എന്നിവിടങ്ങളിൽ വാഹനങ്ങൾ വീർപ്പുമുട്ടി.

കാൽനടയാത്ര പോലും ദുസ്സഹമായ രീതിയിലാണ് മാനാഞ്ചിറ, മിഠായിത്തെരുവ്, ബീച്ച് റോഡുകളിൽ ജനത്തിരക്ക് അനുഭവപ്പെട്ടത്. പുതിയറ, സ്റ്റേഡിയം ജംഗ്ഷൻ, ഇന്ദിരാഗാന്ധി റോഡ്, ലുലു മാൾ പരിസരം, കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് എന്നിവിടങ്ങളിലും വലിയ തോതിൽ ഗതാഗത തടസ്സമുണ്ടായി. നഗരത്തിലെ പ്രധാന പാതകളെല്ലാം സ്തംഭിച്ചതായും കുരുക്കഴിക്കാൻ പോലീസിന് ഏറെ പണിപ്പെടേണ്ടി വന്നതായും ട്രാഫിക് വിഭാഗം അറിയിച്ചു. അപ്രതീക്ഷിതമായ ജനത്തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ പോലീസിനെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe