മടിക്കേരി: കുടകിൽ ട്രെക്കിങ്ങിനിടെ കാണാതായ മലയാളി ഐടി ഉദ്യോഗസ്ഥയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ മൂന്നാം ദിവസവും ഫലമില്ലാതെ തുടരുന്നു. കൊച്ചിയിൽ ഐടി കമ്പനി ജീവനക്കാരിയായ നാദാപുരം ഇയ്യങ്കോട് സ്വദേശിനി ജി.എസ്. ശരണ്യയെയാണ് (36) വ്യാഴാഴ്ച മുതൽ കാണാതായത്. കുടകിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ തടിയൻഡമോൾ കയറാനെത്തിയതായിരുന്നു ശരണ്യ.
പൊലീസ്, വനംവകുപ്പ് എന്നിവരടങ്ങുന്ന അറുപതംഗ സംഘത്തിന് പുറമെ നക്സൽ വിരുദ്ധ സേനയും തിരച്ചിലിനായി രംഗത്തുണ്ട്. ബെട്ട വനമേഖല കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം നടക്കുന്നത്. തനിയെ ട്രെക്കിങ്ങിന് എത്തിയ ശരണ്യയെ കാട്ടാനശല്യം കാരണം വനംവകുപ്പ് തടഞ്ഞിരുന്നു. തുടർന്ന് യാവകപ്പാടിയിലെ ഹോംസ്റ്റേയിൽ മുറിയെടുത്ത ഇവർ, വ്യാഴാഴ്ച രാവിലെ പത്തംഗ സംഘത്തോടൊപ്പമാണ് വനത്തിലേക്ക് പോയത്.
തനിക്ക് വഴിതെറ്റിയെന്ന സന്ദേശം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ ശരണ്യ ഹോംസ്റ്റേ അധികൃതർക്ക് അയച്ചിരുന്നു. ഉടൻ തന്നെ തിരച്ചിൽ ആരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല. ശരണ്യയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയതിനാൽ ലൊക്കേഷൻ കണ്ടെത്തുന്നത് പ്രതിസന്ധിയായിരിക്കുകയാണെന്ന് വനം ഡെപ്യൂട്ടി കൺസർവേറ്റർ അഭിഷേക് അറിയിച്ചു. ശരണ്യയ്ക്കൊപ്പം പോയ പത്തംഗ സംഘം വ്യാഴാഴ്ച വൈകിട്ടോടെ മടങ്ങിയെത്തിയിരുന്നു.
വടകര താലൂക്ക് കാർഷിക വികസന ബാങ്കിൽ നിന്നു വിരമിച്ച വടക്കയിൽ ഗോപിയുടെയും ഷൈലജയുടെയും മകളാണ് ശരണ്യ. ബെംഗളൂരുവിൽ എൻജിനീയറായ സഹോദരൻ ശ്യാം ഉൾപ്പെടെയുള്ള ബന്ധുക്കൾ കുടകിലെത്തിയിട്ടുണ്ട്.
