കൽപ്പറ്റ: വയനാട് സുൽത്താൻ ബത്തേരിയിൽ വൻ ലഹരി വേട്ട. 64 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎ കടത്താൻ ശ്രമിച്ച കോഴിക്കോട് പരപ്പൻപൊയിൽ സ്വദേശി സനീഷ് കുമാറാണ് അറസ്റ്റിലായത്. ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പൊലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്.
വയനാട് ജില്ലാ പൊലീസ് മേധാവിക്കും ലഹരി വിരുദ്ധ സ്കോഡിനും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കർണാടകയിൽ നിന്ന് സുൽത്താൻ ബത്തേരിയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിലെ യാത്രക്കാരനായിരുന്നു സനീഷ്. കോട്ടക്കുന്ന് വെച്ച് നടത്തിയ പരിശോധനയിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പിന്നീട് ചെയ്ത ചോദ്യം ചെയ്യലിലാണ് ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ ലഹരി കണ്ടെത്തിയത്. ആശുപത്രിയിൽ നടത്തിയ സ്കാനിംഗിൽ വയറ്റിനുള്ളിലെ ലഹരി പാക്കറ്റ് കണ്ടെത്തി. വിദഗ്ധ പരിശോധനയ്ക്കായി ഇയാളെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.
സംസ്ഥാനത്ത് ലഹരിവേട്ടയ്ക്ക് എതിരെ ഓപ്പറേഷൻ തൂഫാൻ അന്വേഷണം ഊർജ്ജിതമാക്കിയ സാഹചര്യത്തിലാണ് നടപടി. പദ്ധതി ആരംഭിച്ച് ദിവസങ്ങൾക്കുളളിൽ രണ്ടായിരത്തിലേറെ പേരെ അറസ്റ്റ് ചെയ്യുകയും കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. തൂഫാൻ വിജിലൻസ് എന്ന സംവിധാനം രൂപീകരിച്ചിട്ടുണ്ടെന്നും രഹസ്യ വിവരങ്ങൾ ആർക്കും പൊലീസിന് കൈമാറാമെന്നും ആഭ്യന്തര മന്ത്രി അറിയിച്ചിരുന്നു. 9497979794, 9497927797 എന്നീ നമ്പറുകളിലേക്ക് പൊതുജനങ്ങൾക്ക് വിവരമറിയിക്കാമെന്നും 9995966666 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് വഴി വിവരമറിയിക്കാമെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.
