മലപ്പുറം: തിരഞ്ഞെടുപ്പ് കമ്മീഷന്റെ കർശന വിലക്ക് ലംഘിച്ച് പോളിങ് സ്റ്റേഷനുള്ളിലെ വോട്ടെടുപ്പ് ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി പ്രചരിപ്പിച്ച യുവാവ് പിടിയിൽ. നിലമ്പൂർ വീട്ടിച്ചാൽ സ്വദേശി ലസിൻ സബാദിനെതിരെയാണ് മലപ്പുറം സൈബർ ക്രൈം പോലീസ് കേസെടുത്തത്. നിലമ്പൂർ മണ്ഡലത്തിലെ കുറുമ്പലങ്കോട് ജി.യു.പി സ്കൂളിലെ 129-ാം നമ്പർ ബൂത്തിലായിരുന്നു നിയമലംഘനം നടന്നത്.
പോളിങ് ബൂത്തിനകത്തെ വോട്ടിങ് നടപടികൾ ചിത്രീകരിക്കുകയും അത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് നടപടി. മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദ്ദേശപ്രകാരം സൈബർ ക്രൈം ഇൻസ്പെക്ടർ യു.കെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘം നിലമ്പൂരിൽ നിന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇയാൾ ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച ഫോണും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
കഴിഞ്ഞദിവസം പെരിന്തൽമണ്ണ നഗരസഭയിലെ കാദർമൊല്ല എ.എം.എൽ.പി സ്കൂളിലെ പോളിങ് കേന്ദ്രത്തിൽ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് ബൂത്ത് ലെവൽ ഓഫീസർ (BLO) എം. അനൂപിനെതിരെയും പോലീസ് കേസെടുത്തിരുന്നു. തിരഞ്ഞെടുപ്പ് സുരക്ഷയും രഹസ്യാത്മകതയും ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
