ശസ്ത്രക്രിയ പിഴവുകൾക്ക് തടയിടാൻ ആരോഗ്യവകുപ്പിന്റെ കർശന മാർഗരേഖ; റിസ്റ്റ് ബാൻഡും ബോഡി മാർക്കിംഗും നിർബന്ധം

news image
Apr 20, 2026, 7:32 am GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാനത്തെ ആശുപത്രികളിൽ ശസ്ത്രക്രിയ പിഴവുകൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ കർശന നിർദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ് പുതിയ മാർഗരേഖ പുറത്തിറക്കി. ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന രോഗികൾക്ക് ശസ്ത്രക്രിയ സംബന്ധിച്ച പൂർണ്ണ വിവരങ്ങൾ അടങ്ങിയ റിസ്റ്റ് ബാൻഡ് ധരിപ്പിക്കണമെന്നതാണ് പ്രധാന നിർദ്ദേശം. ഓപ്പറേഷൻ തിയറ്ററുകളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് പൂർണ്ണമായും നിരോധിച്ചു.

ശസ്ത്രക്രിയ നടത്തേണ്ട ശരീരഭാഗം മുൻകൂട്ടി കൃത്യമായി അടയാളപ്പെടുത്തണമെന്ന് മാർഗരേഖയിൽ വ്യക്തമാക്കുന്നു. ഇതിലൂടെ വശം മാറി ശസ്ത്രക്രിയ നടക്കുന്നത് പോലുള്ള ഗുരുതര പിഴവുകൾ ഒഴിവാക്കാനാകുമെന്നാണ് കരുതുന്നത്. ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളുടെയും മറ്റ് സാധനങ്ങളുടെയും കൃത്യമായ കണക്കെടുപ്പ് നടത്തണം. നശിപ്പിക്കുന്ന വസ്തുക്കളുടെ വിവരങ്ങൾ ഉൾപ്പെടെ തിയറ്ററിലെ വൈറ്റ് ബോർഡിൽ രേഖപ്പെടുത്തണമെന്നും നിർദ്ദേശമുണ്ട്. ശസ്ത്രക്രിയയ്ക്ക് ശേഷം ഉപകരണങ്ങളോ മരുന്നോ രോഗിയുടെ ശരീരത്തിനുള്ളിൽ മറന്നുവെക്കുന്ന സാഹചര്യം ഒഴിവാക്കാൻ ഇത് സഹായിക്കും.

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ സമീപകാലത്ത് ശസ്ത്രക്രിയ പിഴവുകൾ സംബന്ധിച്ച നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിന്റെ ഈ അടിയന്തര ഇടപെടൽ. മാർഗരേഖയിലെ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. എല്ലാ ആശുപത്രികളും ഈ സുരക്ഷാ പ്രോട്ടോക്കോൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പരിശോധനകളും കർശനമാക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe