മുക്കം: ബിവ്‌റേജസ് ഔട്ട്‌ലെറ്റിന് പിന്നിലെ പൊലീസ് എസ്.ഐയുടെ വീട് കുത്തിത്തുറന്ന് കവർച്ച നടത്തിയ സംഘത്തിലെ ഒരാൾ പിടിയിലായി. മലപ്പുറം അരീക്കോട് കാവന്നൂർ സ്വദേശി മിയാസ് ബാബുവിനെയാണ് (20) നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചത്. കൂടെയുണ്ടായിരുന്ന രണ്ട് പേർ ഓടി രക്ഷപ്പെട്ടു. മുക്കം പൊലീസ് സ്റ്റേഷനിലെ എസ്.ഐ താമസിക്കുന്ന വീട്ടിലാണ് കഴിഞ്ഞ ദിവസം വൈകിട്ടോടെ വിചിത്രമായ കവർച്ച നടന്നത്.
ബിവ്‌റേജസിൽ നിന്നും മദ്യപിച്ചെത്തിയ യുവാക്കൾ എസ്.ഐയുടെ വീട്ടിലെ അഞ്ചോളം വാതിലുകൾ തകർത്ത് അകത്തുകയറുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന 8,500 രൂപയും ലാപ്‌ടോപ്പും സംഘം കവർന്നു. മോഷ്ടിക്കുന്നതിനിടയിൽ ഫ്രിഡ്ജിലിരുന്ന മുട്ടയെടുത്ത് ഇവർ ഓംലെറ്റ് ഉണ്ടാക്കി കഴിക്കുകയും ചെയ്തു. ലാപ്‌ടോപ്പുമായി പുറത്തിറങ്ങിയ മിയാസ് ബാബുവിനെ ഇതേ വീട്ടിലെ താമസക്കാരനായ സനീഷ് എന്ന യുവാവാണ് തടഞ്ഞു വെച്ചത്. സനീഷിനെ കണ്ട് കൂടെയുണ്ടായിരുന്നവർ ഓടി രക്ഷപ്പെടുകയായിരുന്നു.
