കോഴിക്കോട് മാനാഞ്ചിറ-മലാപ്പറമ്പ് റോഡ് നവീകരണത്തിന്റെ ഭാഗമായി സ്ഥാപിച്ച പൈപ്പുകളിൽ വ്യാപകമായി ജലച്ചോർച്ചയുണ്ടാകുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. നടപ്പാതയ്ക്ക് താഴെയുള്ള ഡക്റ്റുകളിൽ സ്ഥാപിച്ചിരിക്കുന്ന വലിയ ഡി.ഐ. പൈപ്പുകളിലാണ് പ്രധാനമായും ചോർച്ച കണ്ടെത്തുന്നത്. നിലവിൽ ഡി.ഐ. പൈപ്പുകളിൽ നീല ഫ്ലെക്സിബിൾ പൈപ്പുകൾ ഘടിപ്പിച്ചാണ് ജലവിതരണം നടത്തുന്നത്. എന്നാൽ ഈ പൈപ്പുകളുടെ ഗുണനിലവാരമില്ലായ്മയും ചോർച്ചയ്ക്ക് കാരണമാകുന്നുണ്ടെന്ന് ജലഅതോറിറ്റി അധികൃതർ ചൂണ്ടിക്കാട്ടുന്നു. കുരിശുപള്ളി, വ്യാപാരഭവൻ മേഖലകളിൽ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ തിരക്കിട്ട് സ്ഥാപിച്ച താൽക്കാലിക പൈപ്പുകളിലാണ് പ്രശ്നം രൂക്ഷമെന്നും ഇവ ഉടൻ മാറ്റുമെന്നും കേരള റോഡ് ഫണ്ട് ബോർഡ് അറിയിച്ചു.
പൈപ്പ് ചോർച്ചയ്‌ക്കൊപ്പം കുടിവെള്ള പൈപ്പുകൾ കടന്നുപോകുന്ന ഡക്റ്റുകളിലേക്ക് മലിനജലം എത്തുന്നതും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെച്ചേക്കാം. സമീപത്തെ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും രാത്രികാലങ്ങളിൽ ബോധപൂർവം മലിനജലം ഈ കിടങ്ങുകളിലേക്ക് ഒഴുക്കിവിടുന്നതായി കെ.ആർ.എഫ്.ബി. അധികൃതർ ആരോപിക്കുന്നു. ഫാത്തിമ ആശുപത്രിക്ക് സമീപത്തെ ഫ്ലാറ്റുകളിൽ ഇത്തരത്തിൽ മലിനജലം ഒഴുക്കുന്നത് കണ്ടെത്തിയതിനെത്തുടർന്ന് അധികൃതർ താക്കീത് നൽകിയിട്ടുണ്ട്. കുടിവെള്ളവുമായി അഴുക്കുവെള്ളം കലരാനുള്ള സാധ്യത നാട്ടുകാരിലും വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്.
അതേസമയം, നടപ്പാതയുടെ നിർമാണം നിലവിൽ മന്ദഗതിയിലാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൊഴിലാളികൾ നാട്ടിലേക്ക് പോയതാണ് നിർമാണപ്രവർത്തനങ്ങൾ ഇഴയാൻ കാരണമായി അധികൃതർ പറയുന്നത്. ഭൂരിഭാഗം തൊഴിലാളികളും മേയ് ആദ്യവാരത്തോടെ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ ആറാം തീയതിക്ക് ശേഷം നിർമാണ ജോലികൾ കൂടുതൽ ഊർജിതമാകും. നടപ്പാതയുടെ പണികൾ പൂർത്തിയാക്കാൻ നവംബർ വരെ സമയം നീട്ടി ലഭിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
